കോണ്‍ഗ്രസും എഎപിയും ഒന്നിച്ചില്ല: ചണ്ഡീഗഡ് കോർപ്പറേഷന്‍ ഇനിയും ബിജെപി ഭരിക്കും; മേയറായി സൗരവ് ജോഷി

ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനിലെ മേയർ, സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ എന്നീ സ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടന്നത്

കോണ്‍ഗ്രസും എഎപിയും ഒന്നിച്ചില്ല: ചണ്ഡീഗഡ് കോർപ്പറേഷന്‍ ഇനിയും ബിജെപി ഭരിക്കും; മേയറായി സൗരവ് ജോഷി
dot image

ചണ്ഡീഗഡ് : ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സൗരവ് ജോഷിക്ക് വിജയം. സൗരഭ് ജോഷിക്ക് 18 വോട്ടുകൾ ലഭിച്ചപ്പോൾ, ആം ആദ്മി പാർട്ടി സ്ഥാനാർഥി യോഗേഷ് ധിംഗ്രയ്ക്ക് 11 വോട്ടും, കോൺഗ്രസ് സ്ഥാനാർഥി ഗുര്‍പ്രീത് സിംഗ് സാബിക്ക് 7 വോട്ടുമാണ് ലഭിച്ചത്. മേയർ തെരഞ്ഞെടുപ്പിനൊപ്പം നടന്ന സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയം സ്വന്തമാക്കി. ജസ്‌മൻപ്രീത് സിംഗ് സീനിയർ ഡെപ്യൂട്ടി മേയറായും സുമൻ ശർമ ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും 18 വോട്ടുകൾ വീതമാണ് നേടിയത്. ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല.


35 അംഗ കൗൺസിലർമാരുള്ള ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ മേയറായി തിരഞ്ഞെടുക്കപ്പെടാൻ 19 വോട്ടുകളായിരുന്നു വേണ്ടി വന്നത്. നിലവിൽ ബിജെപിക്ക് 18 കൗൺസിലർമാരാണ് ഉള്ളത്. ആം ആദ്മി പാർട്ടിക്ക് 11 കൗൺസിലർമാരും, കോൺഗ്രസിന് 7 കൗൺസിലർമാരുമുണ്ട്. കോൺഗ്രസിന്റെ വോട്ടുകളിൽ ചണ്ഡീഗഡ് എംപി മനീഷ് തിവാരിയുടെ വോട്ടും ഉൾപ്പെടുന്നു. കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒന്നിച്ചാൽ മത്സരം 18–18 എന്ന സമനിലയിൽ എത്തിക്കാനാകുമായിരുന്നുവെങ്കിലും, ഇരുപാർട്ടികളും തമ്മില്‍ സഖ്യത്തിലെത്താതെ പരസ്പരം മത്സരിച്ചതാണ് ബിജെപിക്ക് അനായാസ വിജയം ഒരുക്കിയത്.

സഖ്യത്തിന് കോണ്‍ഗ്രസിന് നീക്കമുണ്ടായിരുന്നെങ്കിലും ആം ആദ്മി നേതൃത്വം അത് തള്ളുകയായിരുന്നു. കോൺഗ്രസുമായി "ഒരിക്കലും" സഖ്യമുണ്ടാകില്ലെന്ന് എഎപി നേതാവ് അനുരാഗ് ധന്ദ തുറന്നടിച്ചു. കോൺഗ്രസ് ബിജെപിയുമായി ചേർന്ന് രാജ്യത്തെ കൊള്ളയടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. "ആം ആദ്മി പാർട്ടിക്ക് കോൺഗ്രസുമായി ഒരിടത്തും സഖ്യമില്ല, ഒരിക്കലും ഉണ്ടാക്കുകയും ഇല്ല. കോൺഗ്രസും ബിജെപിയും ചേർന്ന് രാജ്യത്തെ കൊള്ളയടിച്ചു. ഈ രണ്ട് പാർട്ടികൾക്കെതിരെയുള്ള സാധാരണക്കാരന്റെ പോരാട്ടത്തിന്റെ യഥാർത്ഥ ശബ്ദമാണ് എഎപി," അനുരാഗ് ധന്ദ എക്സിൽ പോസ്റ്റ് ചെയ്തു.

ഇരു പാർട്ടികളും തമ്മില്‍ സമീപകാലത്ത് കോർപ്പറേഷന് അകത്തും പുറത്തും ശക്തമായ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നെങ്കിലും ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി ഔപചാരിക സഖ്യമില്ലെങ്കിലും "തന്ത്രപരമായ ധാരണ" രൂപപ്പെടുത്താനുള്ള സാധ്യത തുറന്നിട്ടുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ തുടക്കത്തില്‍ പുറത്ത് വന്നിരുന്നു.

"ഇപ്പോൾ എഎപിയുമായി ഔപചാരിക സഖ്യമില്ല. എന്നാൽ ബിജെപിയെ തടയാൻ ചർച്ചകൾ നടക്കുന്നുണ്ട്." എന്നായിരുന്നു ചണ്ഡീഗഢ് കോൺഗ്രസ് പ്രസിഡന്റ് ഹർമോഹിന്ദർ സിങ് ലക്കി പറഞ്ഞത്. പാർട്ടി നേതൃത്വവുമായി ഉടൻ ഉന്നത തല യോഗം ചേർന്ന് തിരഞ്ഞെടുപ്പ് തന്ത്രം അന്തിമമാക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഈ ചർച്ചകള്‍ പാടെ തള്ളിക്കൊണ്ടാണ് എഎപി നേതൃത്വം രംഗത്ത് വരികയായിരുന്നു.

ഇരു പ്രതിപക്ഷ പാർട്ടികൾക്കിടയിലും ഈ മാസം ആദ്യം തർക്കങ്ങൾ രൂക്ഷമായിരുന്നു. ജനുവരി 6-ന് എഎപി ചണ്ഡീഗഢ് ഇൻചാർജ് ജർണൈൽ സിങ്, കോൺഗ്രസിന് ബിജെപിയുമായി അധികാര പങ്കുവെക്കൽ ധാരണയുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി ഹർമോഹിന്ദർ സിങ് ലക്കി രംഗത്ത് വരികയും ചെയ്തു. 2024-ലെ മുനിസിപ്പൽ ഭരണസമിതിയില്‍ എഎപി മേയർ സ്ഥാനം നേടിയെങ്കിലും സീനിയർ ഡെപ്യൂട്ടി മേയറും ഡെപ്യൂട്ടി മേയറും ബിജെപിക്ക് ലഭിച്ചത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു.


Content Highlights: BJP's Saurav Joshi wins Chandigarh Mayor election

dot image
To advertise here,contact us
dot image