

ബെംഗളൂരു: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് 50 ലക്ഷം രൂപ തട്ടിയതായി യുവതിയുടെ പരാതി. വിജയരാജ് ഗൗഡ എന്ന് പരിചയപ്പെടുത്തിയ യുവാവിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഇ ഡി അന്വേഷണം, അച്ഛന് അസുഖം എന്നെല്ലാം പറഞ്ഞ് 50 ലക്ഷം രൂപ തന്റെ പക്കൽ നിന്നു തട്ടിയെടുത്തു എന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.
'വൊക്കലിഗ മാട്രിമോണി' വഴിയാണ് യുവതി വിജയരാജ് ഗൗഡ എന്നയാളെ പരിചയപ്പെട്ടത്. താൻ ഒരു ബിസിനസുകാരനാണെന്നാണ് യുവാവ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം പിന്നീട് വളർന്നു. ഇതിനിടെ വിജയരാജ് തന്റെ ബിസിനസിൽ ഒരു പ്രശ്നമുണ്ടെന്നും ഇ ഡി തന്റെ ബാങ്ക് അക്കൗണ്ടുകളും മറ്റും മരവിപ്പിച്ചിരിക്കുകയാണ് എന്നും യുവതിയെ അറിയിച്ചു. പിന്നാലെ തന്റെ അച്ഛന് തീരെ വയ്യെന്നും അത്യാവശ്യമായി കുറച്ച് പണം വേണമെന്നും യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.
ഇത് വിശ്വസിച്ച യുവതി പലപ്പോഴായി 50 ലക്ഷത്തോളം രൂപ വിജയരാജിന് നൽകി. പിന്നാലെ ഒരു ദിവസം പൊടുന്നന്നെ സംസാരം നിലച്ചു. വിജയരാജ് ഗൗഡ എന്ന അക്കൗണ്ടും കാണാതായി. താൻ പറ്റിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവതി ഉടൻതന്നെ പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ നോർത്ത് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നേരത്തെയും ഇത്തരത്തിൽ നിരവധി മാട്രിമോണിയൽ സൈറ്റ് തട്ടിപ്പുകൾ ഇതേ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശാദി.കോം എന്ന വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട യുവതി 37കാരനിൽ നിന്ന് 23 ലക്ഷം രൂപ തട്ടിയ കേസാണ് അതിലൊന്ന്. ഓൺലൈൻ ട്രേഡിങിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് യുവതി ഇത്തരത്തിൽ പണം തട്ടിയത്.
Content Highlights: A woman was cheated of Rs 50 lakh by a man she met through a matrimonial site using false claims of ED issues and illness