ചെറുപ്പത്തിൽ സഹോദരനെ നഷ്ടമായി, അവന് കൂടി വേണ്ടിയാണ് ഇന്ന് ഞാൻ ജീവിക്കുന്നത്: വിശാഖ് നായർ

'അവനായിരുന്നു എക്‌സ്ട്രോവേര്‍ട്ട്. ഡാൻസിലും പാട്ടിലും അഭിനയത്തിലുമെല്ലാം എന്നേക്കാൾ മികച്ച് നിന്നത് അവനായിരുന്നു. അവൻ നഷ്ടപ്പെടുന്നത് വരെ ഞാനൊരു പഠിപ്പിസ്റ്റായിരുന്നു'

ചെറുപ്പത്തിൽ സഹോദരനെ നഷ്ടമായി, അവന് കൂടി വേണ്ടിയാണ് ഇന്ന് ഞാൻ ജീവിക്കുന്നത്: വിശാഖ് നായർ
dot image

ചത്താ പച്ച സിനിമയിലെ മാസ്മരിക പ്രകടനത്തിലൂടെ പ്രേക്ഷകരുടെയും സിനിമാലോകത്തിന്റെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് നടൻ വിശാഖ് നായർ. 2015ൽ ആനന്ദത്തിലെ കുപ്പി എന്ന കഥാപാത്രമായി തുടങ്ങി പിന്നീട് കോമഡിയും, ക്യാരക്ടർ വേഷങ്ങളും, കേന്ദ്ര കഥാപാത്രങ്ങളും, നെഗറ്റീവ് റോളുകളുമായി കടന്നുപോയ വിശാഖിന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസുകളിലൊന്നായി ചത്താ പച്ചയിലെ ചെറിയാൻ എന്ന കഥാപാത്രം മാറിയിരിക്കുകയാണ്.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടെ നാടകത്തിലേക്കും സിനിമയിലേക്കും കടന്നുവരാൻ വഴിയൊരുക്കിയ സഹോദരനെ കുറിച്ച് വിശാഖ് സംസാരിച്ചിരുന്നു. ഒന്നിച്ച് കളിച്ചുവളർന്ന തങ്ങൾക്ക് സിനിമയോട് വലിയ അഭിനിവേശം ആയിരുന്നു എന്നും ചെറുപ്രായത്തിൽ സഹോദരനെ നഷ്ടപ്പെട്ടത് തന്നെ ഏറെ വേദനിപ്പിച്ചു എന്നുമാണ് വിശാഖ് പറയുന്നത്. അൺഫിൽറ്റേർഡ് വിത്ത് അപർണ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടൻ കുട്ടിക്കാലത്തെ കുറിച്ച് സംസാരിച്ചത്.

Also Read:

'പന്ത്രണ്ടോ പതിമൂന്നോ വയസുള്ളപ്പോഴാണ് ഞാനും ബ്രദറും ഒരുമിച്ച് ചെറിയ ഡിവി ക്യാമറയിൽ ഷൂട്ട് ചെയ്ത് തുടങ്ങുന്നത്. അന്ന് കാണുന്ന ഡബ്ല്യുഡബ്ല്യുഇ, മാട്രിക്‌സ്, അന്യൻ തുടങ്ങിയ സിനിമകളുടെയൊക്കെ ഞങ്ങളുടേതായ വേർഷൻ വീട്ടിൽ അഭിനയിച്ച് ഷൂട്ട് ചെയ്ത് വെക്കുമായിരുന്നു. പതുക്കെ അത് കൂട്ടുകാർക്കൊപ്പം ആയി. പക്ഷെ എനിക്ക് പതിനാറ് വയസൊക്കെ ആയ സമയത്ത് ബ്രദർ മരിച്ചു പോയി.

Vishakh Nair

അവന്റെ മരണം എന്നെ വല്ലാതെ ബാധിച്ചു. അതിൽ നിന്നും പുറത്തുവരാൻ വേണ്ടിയാണ് സുഹൃത്തുക്കൾ ഒരു പടം പിടിക്കാം എന്ന ആശയം മുന്നോട്ടു വെക്കുന്നത്. അന്ന് ഡയറക്ഷൻ ആയിരുന്നു തലയിൽ. അങ്ങനെ ചെറിയ സിനിമകൾ ചെയ്തുകൊണ്ടിരുന്നു. പ്ലസ് വണ്ണിന് പഠിക്കുന്ന സമയമായിരുന്നു. സ്‌കൂൾ ആനിവേഴ്‌സറിയുടെ സമയത്ത് ഞങ്ങൾ ഷൂട്ട് ചെയ്ത സിനിമ കാണിക്കാനുള്ള അവസരമുണ്ടായി. 500 വിദ്യാർത്ഥികൾ അന്ന് അവിടെ ഉണ്ടായിരുന്നു. 1.30 മണിക്കൂറുള്ള ഞങ്ങളുടെ സിനിമ കാണവേ പ്രേക്ഷകർ കയ്യടിക്കുന്നതും ചിരിക്കുന്നതും ഇമോഷണൽ ആവുന്നതുമെല്ലാം ഞങ്ങൾ കണ്ടു. ആ മൊമെന്റിലാണ് ഈ മേഖല തന്നെ തിരഞ്ഞെടുക്കാം എന്ന തോന്നൽ ഉണ്ടാകുന്നത്.

ഈ നിമിഷത്തിലും എനിക്ക് തോന്നുന്നത് ഞാൻ ജീവിക്കുന്നത് എന്റെ സഹോദരന് കൂടി വേണ്ടിയാണ് എന്നാണ്. കാരണം, അവനായിരുന്നു എക്‌സട്രാവേർട്ട്. ഡാൻസിലും പാട്ടിലും അഭിനയത്തിലുമെല്ലാം എന്നേക്കാൾ മികച്ച് നിന്നത് അവനായിരുന്നു. അവൻ നഷ്ടപ്പെടുന്നത് വരെ ഞാനൊരു പഠിപ്പിസ്റ്റായിരുന്നു. ഐഐടിയും എയ്‌റോനോട്ടിക്കൽ എഞ്ചിനീയറിങ്ങും എംബിഎയുമെല്ലാമായിരുന്നു മനസിൽ. സിനിമയും മറ്റും ഇഷ്ടമായിരുന്നെങ്കിലും കരിയറായി ആലോചിച്ചിരുന്നില്ല. പക്ഷെ അവൻ പോയതോടെ, അവനും കൂടി ഇഷ്ടമുള്ളതായിരിക്കണം ഞാൻ ചെയ്യേണ്ടത് എന്ന് തീരുമാനിക്കുകയായിരുന്നു,' വിശാഖ് നായർ പറഞ്ഞു.

Also Read:

വിശാഖിന് സ്‌നേഹം അറിയിച്ചുകൊണ്ടും സഹോദരനെ നഷ്ടപ്പെട്ടതിലെ വേദനയിൽ ചേർത്തുപിടിച്ചുകൊണ്ടും നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്. അവതാരക വളരെ അനുഭാവപൂർവ്വമാണ് ഇടപെട്ടതെന്നും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. വിശാഖിനെ ഓർത്ത് സഹോദരൻ ഇപ്പോൾ ഏറെ അഭിമാനിക്കുന്നുണ്ടാകും എന്ന അവതാരകയുടെ വാക്കുകൾ തന്നെ പ്രേക്ഷകരും കമന്റിൽ ആവർത്തിക്കുന്നുണ്ട്.

Vishakh Nair

അതേസമയം, ചത്താ പച്ച തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമ ആഗോളതലത്തിൽ 25 കോടിയ്ക്ക് മുകളിൽ സ്വന്തമാക്കിയിരിക്കുകയാണ്. അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം അദ്വൈത് നായരാണ് സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ കാമിയോ റോളും ചിത്രത്തിന് വലിയ ഹൈപ്പാണ് നൽകിയിരിക്കുന്നത്.

Content Highlights: Actor Vishakh Nair shares about brother's death and how it changed his life and career

dot image
To advertise here,contact us
dot image