

ഫെബ്രുവരി 7ന് ആരംഭിക്കുന്ന ടി20 ലോകകപ്പിൽ നിന്ന് പാക് ടീം പിന്മാറുമെന്ന അഭ്യൂഹങ്ങൾ ഇപ്പോഴും നിലനിൽക്കുകായാണ്. വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ ഈ വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നാണ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വി അറിയിച്ചിരിക്കുന്നത്. എന്നാൽ, ദേശീയ ടീം ലോകകപ്പിൽ പങ്കെടുക്കണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡിനോട് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ താരങ്ങളും മുൻ ബോർഡ് ഉദ്യോഗസ്ഥരും. ബംഗ്ലാദേശിനെ പിന്തുണക്കുന്നത് പാകിസ്താൻ ക്രിക്കറ്റിനെയോ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായുള്ള (ഐസിസി) ബന്ധത്തെയോ ബാധിക്കരുതെന്നും അവർ പറഞ്ഞു. ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത് പാകിസ്താൻ ക്രിക്കറ്റിന് ദോഷകരമാകുമെന്നാണ് ഈ രംഗത്തുള്ള പ്രമുഖരുടെ അഭിപ്രായം.
പാകിസ്താൻ ടീമിനെ ലോകകപ്പിന് അയയ്ക്കണമെന്നാണ് പാക് മുൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് ഹഫീസിന്റെ ആവശ്യം. മുൻ പിസിബി ചെയർമാൻ ഖാലിദ് മഹമൂദും, മുൻ സെക്രട്ടറി ആരിഫ് അലി അബ്ബാസിയും ഇതേ അഭിപ്രായം തന്നെയാണ് മുന്നോട്ടുവച്ചത്. പാകിസ്താൻ ബംഗ്ലാദേശിനെ പിന്തുണയ്ക്കുന്നത് മനസ്സിലാക്കാം. എന്നാൽ ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതിലെ യുക്തി എന്താണെന്നും അബ്ബാസി ചോദ്യമുയർത്തി. പിന്മാറ്റ തീരുമാനത്തിന്റെ ആഘാതം എന്തായിരിക്കുമെന്ന് പിസിബി വീക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പാകിസ്താൻ പോയില്ലെങ്കിൽ നഷ്ടം ശ്രീലങ്കയ്ക്ക് സംഭവിക്കുമെന്നും, ഇന്ത്യയുമായുള്ള മത്സരങ്ങൾ ഉൾപ്പെടെ ഞങ്ങളുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശിനെ പിന്തുണയ്ക്കുന്ന പിസിബിയുടെ തീരുമാനം പ്രശംസനീയമാണെന്നാണ് മഹമൂദ് വിശേഷിപ്പിച്ചത്. എന്നാൽ പ്രായോഗികത നിലനിർത്തണമെന്നും, പാകിസ്താൻ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരികാണാമെന്നും അദ്ദേഹം ബോർഡിനോട് ആവശ്യപ്പെട്ടു. പാകിസ്താൻ ഒഴികെ മറ്റൊരു ക്രിക്കറ്റ് ബോർഡും ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തെ പിന്തുണച്ചിട്ടില്ലെന്ന് നമ്മൾ ഓർമ്മിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ബംഗ്ലാദേശ് ബോർഡിന്റെ നിലപാട് എനിക്ക് മനസ്സിലാകും, പക്ഷേ ഐസിസി യോഗത്തിൽ ആരും അവരെ പിന്തുണച്ചില്ല എന്നതും ഒരു വസ്തുതയാണ്' മഹമൂദ് പറഞ്ഞു. മുൻ ചീഫ് സെലക്ടറും, താരവുമായ മൊഹ്‌സിൻ ഖാനും ദേശീയ ക്രിക്കറ്റിന് മുൻഗണന നൽകണമെന്ന് പിസിബിയോട് ആവശ്യപ്പെട്ടിരുന്നു.
Content highlight: Prominent figures say that skipping the World Cup will be detrimental to Pakistan cricket