

ഏറ്റവും കൂടുതല്‍ക്കാലം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി കസേരയില്‍ ഇരുന്ന അജിത് പവാറിന്റെ വിയോഗവാര്‍ത്തയുടെ ഞെട്ടലിലാണ് രാജ്യം. അജിത് സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം ലാന്‍ഡിംഗിനിടെ ജന്മനാടായ ബാരാമതിയില്‍ വെച്ച് തകര്‍ന്നുവീഴുകയായിരുന്നു. എല്‍ ആന്‍ഡ് എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ്സ് ക്ലാസ് ജെറ്റ് വിമാനമാണ് അജിത് ഉപയോഗിച്ചിരുന്നത്. എല്ലാകാലവും അജിത്തിനെ നിയമസഭയിലേക്ക് അയച്ചതും ഇതേ ബാരാമതിയിലെ വോട്ടര്‍മാരാണ്.
മഹാരാഷ്ട്രയിലെ രാഷ്ട്രീയചലനങ്ങളില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തിയ നേതാവാണ് അജിത് പവാര്‍. എട്ട് തവണ നിയമസഭാംഗവും അഞ്ച് തവണ ഉപമുഖ്യമന്ത്രിയും മന്ത്രിയുമായിരുന്ന അജിത് എന്‍സിപിയുടെ മുഖമായിരുന്നു. മുതിര്‍ന്ന എന്‍സിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിലെ ബാരാമതിയില്‍ 1959 ജൂലൈ 22ന് ജനനം.
1982ല്‍ പൂനൈ ജില്ലയിലെ പഞ്ചസാര ഫാക്ടറി സഹകരണ ബോര്‍ഡ് അംഗമായാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. 1991 മുതല്‍ 2007 വരെ പൂനൈ ജില്ല സഹകരണ ബാങ്ക് ചെയര്‍മാനായിരുന്നു. 1991-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബരാമതിയില്‍ നിന്ന് പാര്‍ലമെന്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്‌സഭാംഗത്വം രാജിവെക്കുകയായിരുന്നു. 1991ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബാരാമതിയില്‍ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബാരാമതിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991-ലെ സുധാകരറാവു നായിക് മന്ത്രിസഭയില്‍ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് വകുപ്പിന്റെ മന്ത്രിയായി. 2010-ലെ അശോക് ചവാന്‍ മന്ത്രിസഭയിലാണ് അജിത് ആദ്യമായി ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് പൃഥ്വിരാജ് ചവാന്‍, ദേവേന്ദ്ര ഫഡ്‌നാവിസ്, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിന്‍ഡേ മന്ത്രിസഭകളില്‍ പലതവണയായി ഉപമുഖ്യമന്ത്രിയായി.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി ശക്തികേന്ദ്രമായ മാവലില്‍ നിന്ന് മത്സരിച്ച മകന്‍ പാര്‍ത്ഥ് പവാര്‍ ശിവസേന സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടതോടെയാണ് അജിത് പവാര്‍ ശരദ് പവാറുമായി അകല്‍ച്ച പാലിക്കുന്നത്. പിന്നാലെ വലിയ രാഷ്ട്രീയനീക്കങ്ങള്‍ക്കായിരുന്നു മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. 2019 ല്‍ മഹാരാഷ്ട്രയില്‍ മഹാവിഘാസ് അഘാഡി സഖ്യം രൂപീകരിച്ച് സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാര്‍. 2022ല്‍ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സ്ഥാനം രാജിവച്ചതോടെ 2022-ല്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
2023 മെയില്‍ എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാര്‍ രാജിവച്ചതോടെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയും പ്രഫുല്‍ പട്ടേലും തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയില്‍ പദവികള്‍ ഒന്നും ലഭിക്കാതെ നിരാശ അജിത്തിനുണ്ടായിരുന്നു. അജിത് പ്രതിപക്ഷ നേതാവായി തുടരാന്‍ താത്പര്യം ഇല്ലെന്നും പാര്‍ട്ടി നേതൃ പദവി വേണമെന്നും ശരദ് പവാറിനോട് ആവശ്യപ്പെട്ടെങ്കിലും ശരദ് പവാര്‍ വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് 2023 ജൂലൈ 2ന് എന്‍സിപി പിളര്‍ത്തി അജിത് പവാര്‍ ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന - ബിജെപി സര്‍ക്കാരില്‍ ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി.
എന്‍സിപിയിലെ 53 എംഎല്‍എമാരില്‍ 29 പേരുമായി രാജ്ഭവനിലെത്തിയാണ് അജിത് പവാര്‍ ഈ അട്ടിമറിനീക്കം നടത്തിയത്. നിയമപോരാട്ടത്തിലൂടെ 2024 ഫെബ്രുവരി 6ന് അജിത് പവാര്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു. ഇത് പ്രകാരം നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അഥവാ എന്‍സിപി എന്ന പേരും പാര്‍ട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് ലഭിച്ചു. അതിന് ശേഷം രാഷ്ട്രീയ പിണക്കം മാറ്റിവെച്ച് ശരദ് പവാറും അജിത് പവാറും ഒന്നിക്കാനൊരുങ്ങുന്നുവെന്ന സൂചനകള്‍ക്കിടെയാണ് വിമാനാപകടം.
Content Highlights: who is ajit pawar and what is his Contribution in ncp and maharashtra politics