'ജനസേന എംഎല്‍എ ബലാത്സംഗം ചെയ്തു, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; ആരോപണവുമായി യുവതി

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് ഗര്‍ഭഛിദ്രങ്ങള്‍ക്ക് വിധേയയായെന്നും എംഎല്‍എ തന്നെ ആവര്‍ത്തിച്ച് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവര്‍ ആരോപിച്ചു

'ജനസേന എംഎല്‍എ ബലാത്സംഗം ചെയ്തു, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; ആരോപണവുമായി യുവതി
dot image

അമരാവതി: ജനസേന എംഎല്‍എ അരവ ശ്രീധര്‍ പീഡിപ്പിച്ചുവെന്ന ആരോപണവുമായി യുവതി രംഗത്ത്. എംഎല്‍എ വിവാഹ വാഗ്ദാനം നല്‍കി ഒരു വര്‍ഷത്തിലേറെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് ആരോപണം. 2024-ല്‍ കൊഡൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് തന്നെ ചൂഷണം ചെയ്യാന്‍ തുടങ്ങിയതെന്നാണ് സര്‍ക്കാര്‍ ജീവനക്കാരിയായ യുവതി പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. തന്നെ ഒരു കാറില്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി, അവിടെ വെച്ച് അരവ ശ്രീധര്‍ തന്നെ ആക്രമിച്ചുവെന്നും അവര്‍ ആരോപിക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് ഗര്‍ഭഛിദ്രങ്ങള്‍ക്ക് വിധേയയായെന്നും എംഎല്‍എ തന്നെ ആവര്‍ത്തിച്ച് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവര്‍ ആരോപിച്ചു. തന്നെ വിവാഹമോചനം ചെയ്യാന്‍ നിര്‍ബന്ധിച്ച് ഭര്‍ത്താവിനെ വിളിച്ചതായും വിവാഹം കഴിക്കാമെന്ന് എംഎല്‍എ വാഗ്ദാനം ചെയ്തിരുന്നതായും അവര്‍ പറഞ്ഞു.

'ഗര്‍ഭഛിദ്രം നടത്തിയാല്‍ കുടുംബം സുരക്ഷിതമായിരിക്കുമെന്നും ജോലി ശരിയാകുമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍, താന്‍ ആരാണെന്ന് അറിയുമെന്ന് പറഞ്ഞു. ഒരു സാഹചര്യത്തിലും ഞാന്‍ ഗര്‍ഭഛിദ്രം നടത്തില്ലെന്ന് വാദിച്ചു. രണ്ടോ മൂന്നോ ദിവസം അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തി. പിന്നീട്, നിങ്ങളുടെ ഭര്‍ത്താവിനെ വിവാഹമോചനം ചെയ്താല്‍ താന്‍ വിവാഹം കഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു', യുവതി വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആരോപണം നിഷേധിച്ച് അരവ ശ്രീധർ രംഗത്ത് വന്നു. തന്നെക്കുറിച്ച് തെറ്റായ പ്രചാരണങ്ങളും വ്യാജ വീഡിയോകളും പ്രചരിക്കുന്നുവെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. 'എന്നെക്കുറിച്ച് തെറ്റായ പ്രചാരണങ്ങളും വ്യാജ വീഡിയോകളും പ്രചരിച്ചിക്കുന്നു. 2021 മുതല്‍ മൂന്ന് വര്‍ഷം ഞാന്‍ ഒരു സര്‍പഞ്ചായി സേവനമനുഷ്ഠിച്ചു. എന്റെ ഭരണകാലത്ത്, എന്റെ ഗ്രാമത്തിലോ, അയല്‍ പഞ്ചായത്തുകളിലോ, മണ്ഡലത്തിലോ ഉള്ള ആര്‍ക്കും നേരെ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെന്നോ മോശം വ്യക്തിയാണെന്നോ തെളിയിക്കാന്‍ കഴിയുമോ?', അദ്ദേഹം ഒരു വീഡിയോയിലൂടെ ചോദിച്ചു.

തന്റെ അമ്മ ഇതിനെതിരെ പൊലീസില്‍ പരാതി പോലും നല്‍കി. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ഈ മനഃപൂര്‍വമായ ശ്രമത്തിന് പിന്നിലുള്ളവരെ കണ്ടെത്തുകയും ആവശ്യമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അരവ് ശ്രീധര്‍ പറഞ്ഞു. ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ റായപതി ശൈലജ ആരോപണമുന്നയിച്ച സ്ത്രീയുമായി ഫോണില്‍ സംസാരിച്ചു.

Content Highlights: Woman Alleges Jana Sena MLA attacked Her and Forced Her To Abort

dot image
To advertise here,contact us
dot image