

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് കാരണമായത് മോശം കാലാവസ്ഥ എന്ന് സൂചന. ലാൻഡിങ്ങിന് മുന്നോടിയായി ദൂരകാഴ്ച മങ്ങുന്നതായി പൈലറ്റ് അറിയിച്ചതായാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഇത് മൂലം വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാണ് നിഗമനം. 8.10നാണ് വിമാനം മുംബൈയിൽ നിന്ന് പുറപ്പെട്ടത്. 8.50നാണ് അപകടമുണ്ടാകുന്നത്.
ഇന്ന് കാലത്താണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബാരാമതിയിലെ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യുന്നതിനിടെ അജിത് പവാർ യാത്ര ചെയ്തിരുന്ന വിമാനം തെന്നിമാറുകയായിരുന്നു. അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
അജിത്ത് പവാറിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചിട്ടുണ്ട്. അപകട സ്ഥലത്തെ അവശിഷ്ടങ്ങൾ അധികൃതർ സൂക്ഷമമായി പരിശോധിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തിട്ടുണ്ട്. വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സും വിശദമായി പരിശോധിക്കും. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പൈലറ്റുമാരുടെ അവസാന സംഭാഷണങ്ങൾ അടങ്ങിയ കോക്ക് പിറ്റ് വോയിസ് റെക്കോർഡറും
എടിസിയുമായി നടത്തിയ ആശയവിനിമയങ്ങളും പരിശോധിക്കും.
2024 ഡിസംബർ 5 മുതൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി തുടരുന്ന മുതിർന്ന എൻസിപി നേതാവാണ് അജിത് പവാർ. എട്ട് തവണ നിയമസഭാംഗമായി. അഞ്ച് തവണ ഉപമുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്‌സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മുതിർന്ന എൻസിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിലെ ബരാമതിയിൽ1959 ജൂലൈ 22നാണ് ജനനം. മഹാരാഷ്ട്ര എഡ്യുക്കേഷൻ സൊസൈറ്റി ഹൈസ്‌കൂളിൽ നിന്ന് നേടിയ എസ്എസ്എൽസിയാണ് വിദ്യാഭ്യാസ യോഗ്യത. തുടർപഠനത്തിനായി കോളേജിൽ പോയെങ്കിലും കോഴ്‌സ് പൂർത്തിയാക്കിയില്ല.
1991ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബരാമതിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991-ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് മന്ത്രിയായി.
2010ലെ അശോക് ചവാൻ മന്ത്രിസഭയിൽ ആദ്യമായി ഉപ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്‌നാവീസ്, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡേ മന്ത്രിസഭകളിൽ വീണ്ടും ഉപമുഖ്യമന്ത്രിയായി.
Content Highlights: Ajit Pawar Plane Crash: Reasons for plane crash out, climate likely reason