'ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കൽ അത്ര ബുദ്ധിമുട്ടുള്ള തീരുമാനമല്ല';വിരമിക്കൽ പദ്ധതികള്‍ തുറന്നുപറഞ്ഞ് രാഹുൽ

ഇന്ത്യൻ ക്രിക്കറ്റിലെ ഒരു പ്രധാന മുഖമോ, ഘടകമോ ആയെന്ന് കരുതുന്നില്ലെന്ന് രാഹുൽ

'ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കൽ അത്ര ബുദ്ധിമുട്ടുള്ള തീരുമാനമല്ല';വിരമിക്കൽ പദ്ധതികള്‍ തുറന്നുപറഞ്ഞ് രാഹുൽ
dot image

ക്രിക്കറ്റില്‍ നിന്ന് വിരമിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള തീരുമാനമല്ലെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സണുമായി നടത്തിയ സംഭാഷണത്തിൽ കെഎൽ രാഹുൽ. തന്‍റെ ഭാവി പദ്ധതികളെക്കുറിച്ച് സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. താൻ ഇന്ത്യൻ ക്രിക്കറ്റിലെ ഒരു പ്രധാന മുഖമോ, ഘടകമോ ആയെന്ന് കരുതുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

'എന്തൊക്കെ സംഭവിച്ചാലും നമ്മുടെ രാജ്യത്ത് ക്രിക്കറ്റ് മുന്നോട്ട് തന്നെ പോകും, പ്രധാനപ്പെട്ട പല കാര്യങ്ങളും ജീവിതത്തിലുണ്ട്. ഈ മനോഭാവം എല്ലാ കാലത്തും എനിക്കുണ്ടായിരുന്നു. കുഞ്ഞിന്‍റെ ജനനത്തിന് ശേഷം ജീവിതത്തെ നോക്കിക്കാണുന്നതില്‍ വലിയ വ്യത്യാസങ്ങള്‍ സംഭവിച്ചു. ക്രിക്കറ്റിനപ്പുറത്തും ഒരു ജീവിതമുണ്ട്. വിരമിക്കാൻ സമയമാകുമ്പോള്‍ അത് നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല'; രാഹുല്‍ വ്യക്തമാക്കി.

'എനിക്ക് നിരന്തരം പരുക്കുകള്‍ പറ്റിയ സമയങ്ങളായിരുന്നു ജിവിതത്തിലെ ഏറ്റവും കഠിനമായ കാലഘട്ടം. തുടരെ തുടരെ പരുക്കുകൾ പറ്റുമ്പോൾ കരിയർ അവസാനിപ്പിക്കാം എന്ന് വരെ ചിന്തിപ്പിക്കും.' പരുക്കുമൂലം താൻ കരിയറില്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് രാഹുല്‍ തുറന്നു പറഞ്ഞു.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലായിരുന്നു രാഹുൽ ഇന്ത്യയ്ക്കായി ഏറ്റവും ഒടുവിൽ കളിച്ചത്. അന്ന് രാജ്കോട്ടിൽ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ പുറത്താകാതെ സെഞ്ച്വറി (112*) നേടിയ താരം തന്റെ മൂല്യം ആ റൺവേട്ടയിലൂടെ വിളിച്ചുപറഞ്ഞിരുന്നു. ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ താരം ഇടംനേടിയിട്ടില്ലെങ്കിലും, ടെസ്റ്റുകളിലും ഏകദിനങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ പ്രധാനമാണ്. 67 ടെസ്റ്റുകളിൽ നിന്ന് 4,053 റൺസും, ടി20യിൽ നിന്ന് 2,265 റൺസും, 94 ഏകദിനങ്ങളിൽ നിന്ന് 3,360 റൺസുമാണ് രാഹുലിന്റെ അക്കൗണ്ടിലുള്ളത്.

Content highlight: 'I don't think I'm a major face or a part of Indian cricket'; Rahul

dot image
To advertise here,contact us
dot image