

കലബുറഗി: കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ 400 കോടി രൂപയുമായി പോയ രണ്ട് കണ്ടെയ്‌നറുകള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും ബിജെപിയും. 2025 ഒക്ടോബര്‍ 22-ന് ചോര്‍ല ഘട്ടില്‍ നടന്നതായി പറയപ്പെടുന്ന കവര്‍ച്ച ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പുറത്തുവന്നത്. സന്ദീപ് ദത്ത പാട്ടീല്‍ എന്നയാള്‍ പരാതിയുമായി നാസിക് പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തായത്. രണ്ട് ട്രക്കുകളിലായി കൊണ്ടുപോവുകയായിരുന്ന
പണം ആറ് പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് സന്ദീപ് പറയുന്നത്. പിന്‍വലിക്കപ്പെട്ട 2000 രൂപകളാണ് ട്രക്കിലുണ്ടായിരുന്നത്.
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് പണമൊഴുകുകയാണ് എന്നാണ് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖര്‍ഗെ പറഞ്ഞത്. അത് ആരുടെ പണമാണെന്ന് തങ്ങള്‍ക്കറിയില്ലെന്നും ബിജെപിയുടേതാണോ കോണ്‍ഗ്രസിന്റേതാണോ അതോ എന്‍സിപിയുടെയോ ശിവസേനയുടേയോ ആണോ എന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കട്ടെ എന്നും പ്രിയങ്ക് ഖര്‍ഗെ പറഞ്ഞു. 'ബിജെപി സര്‍ക്കാരുകള്‍ എന്താണ് ചെയ്യുന്നത് എന്നതാണ് ചോദ്യം. ഈ മൂന്ന് സര്‍ക്കാരുകളുടെയും മൂക്കിന് താഴെയാണ് മുഴുവന്‍ സംഭവങ്ങളുമുണ്ടായത്. അസാധുവായ രണ്ടായിരം രൂപയുടെ നോട്ടുകള്‍ തിരുപ്പതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് ചില ബിജെപി എംഎല്‍എമാര്‍ പറയുന്നത്. അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പോലും അറിയാത്ത വിവരങ്ങള്‍ ഇവര്‍ക്ക് എങ്ങനെയാണ് ലഭ്യമാകുന്നത്? തിരുപ്പതി സ്ഥിതിചെയ്യുന്ന ആന്ധ്രപ്രദേശ് ആരാണ് ഭരിക്കുന്നത്? കേന്ദ്രം ഈ ചോദ്യത്തിന് ഉത്തരം നല്‍കണം': ഖര്‍ഗെ പറഞ്ഞു.
'ജെന്‍ ഇസഡ് ഭജന്‍ ക്ലബുകളെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിക്ക് സമയമുണ്ട്. എന്നാല്‍ രണ്ട് ട്രക്കുകളിലായി 400 കോടി രൂപ കളളപ്പണം കടത്തിയതിനെക്കുറിച്ച് അദ്ദേഹത്തിന് ഒരു വിവരവുമില്ല. ആഭ്യന്തരമന്ത്രി അമിത് ഷാ ഉറങ്ങുകയാണോ? അദ്ദേഹം എവിടെയാണ്? ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്നവരാണോ? രണ്ടായിരം രൂപ നോട്ട് ഇപ്പോഴും പ്രചാരത്തിലുളളത് എന്തുകൊണ്ടാണ്? ആരാണ് അത് അച്ചടിക്കുന്നത്? അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്' പ്രിയങ്ക് ഖര്‍ഗെ പറഞ്ഞു.
അതേസമയം, കര്‍ണാടകയെ കോണ്‍ഗ്രസ് ഫണ്ടിംഗ് സോഴ്‌സായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ചലവടി നാരായണസ്വാമി പറഞ്ഞു. കോണ്‍ഗ്രസ് തെലങ്കാനയിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് സമയത്ത് പണമയക്കുന്നത് കര്‍ണാടകയില്‍ നിന്നാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഗോവയില്‍ നിന്ന് ബെല്‍ഗാം വഴി മഹാരാഷ്ട്രയിലേക്ക് 400 കോടി രൂപയുമായി പോയ കണ്ടെയ്‌നറുകളാണ് തട്ടിക്കൊണ്ടുപോയത്.
Content Highlights: Congress and BJP Blame each other on karnataka truck 400 crore heist