

ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസുകളില്‍ അതിജീവിതരുടെ ഐഡന്റിറ്റി കോടതി രേഖകളില്‍ വെളിപ്പെടുത്തരുതെന്ന് ഡല്‍ഹി ഹൈക്കോടതി. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ പേര്, മാതാപിതാക്കള്‍, മേല്‍വിലാസം എന്നിവ കോടതിയില്‍ സമര്‍പ്പിക്കുന്ന ഒരു രേഖയിലോ റിപ്പോര്‍ട്ടിലോ വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഡല്‍ഹി പൊലീസ് കമ്മീഷണറെ വിളിച്ചുവരുത്തി എല്ലാ സ്റ്റേഷനുകള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയുടേതാണ് വിധി.
പോക്‌സോ കേസ് പ്രതിയുടെ ജാമ്യാപേക്ഷ തളളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ ഇരയുടെ പേര് പരാമര്‍ശിച്ചത് ആശങ്കയ്ക്കിടയാക്കുന്നതാണ് എന്ന് കോടതി പറഞ്ഞു. 12 വയസുകാരിയായ പെണ്‍കുട്ടിയെ പ്രതി വീട്ടില്‍കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ട് പീഡനത്തിനിരയാക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ അമ്മയുമായി താന്‍ ഉഭയസമ്മതപ്രകാരമുളള ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും തങ്ങളുടെ ബന്ധത്തില്‍ താല്‍പ്പര്യമില്ലാതിരുന്ന കുട്ടി വ്യാജ ആരോപണമുന്നയിക്കുകയായിരുന്നു എന്നുമാണ് പ്രതിയുടെ വാദം.
2021-ലാണ് പീഡനം നടന്നതെന്നാണ് ആരോപണം. എന്നാല്‍ ഈ സമയത്ത് കൊവിഡ് മഹാമാരി മൂലം സാമൂഹ്യ നിയന്ത്രണങ്ങളുണ്ടായിരുന്നു. അതിനാല്‍ ഇത്തരമൊരു കുറ്റകൃത്യം നടക്കാനുളള സാധ്യത പോലുമില്ലെന്നും പ്രതി വാദിച്ചു. എന്നാൽ ചാച്ച എന്ന് കുട്ടി വിളിച്ചിരുന്നയാളാണ് ആരോപണവിധേയനെന്നും അയാൾ തന്നെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് കുട്ടി ആരോപിക്കുന്നതെന്നും കോടതി പറഞ്ഞു. അതിനാല്‍ അമ്മയുമായി ബന്ധമുണ്ടായിരുന്നു എന്നതുകൊണ്ട് പ്രായപൂര്‍ത്തിയാകാത്ത ഇരയുടെ മൊഴിയെ സംശയിക്കാനുളള കാരണമല്ല' കോടതി പറഞ്ഞു.
പ്രതിയുടെ ജാമ്യാപേക്ഷ കോടതി തളളി.
Content Highlights: Identity of survivors in sexual assault cases shoudnt be disclosed in court documents: Delhi High Court