

ന്യൂഡൽഹി: 2026-2027 സെൻസസിലെ ഒന്നാം ഘട്ടത്തിനായി വിജ്ഞാപനം ചെയ്ത ചോദ്യങ്ങളിൽ ഒബിസി (മറ്റ് പിന്നാക്ക വിഭാഗം) വിഭാഗത്തെ ഒഴിവാക്കിയെന്ന് കോൺഗ്രസ് വിമർശനമുയർത്തി. 2027 ലെ സെൻസസിലെ കുടുംബങ്ങളുടെ വിശദാംശങ്ങൾ തേടുന്ന 12-ാം നമ്പർ ചോദ്യത്തിലാണ് ഒബിസിയെ ഒഴിവാക്കിയത്. കുടുംബനാഥൻ പട്ടികജാതി, പട്ടികവർഗ, അല്ലെങ്കിൽ 'മറ്റ്' വിഭാഗങ്ങളിൽ പെട്ടയാളാണോ എന്ന ചോദ്യത്തിൽ ഒബിസി, ജനറൽ വിഭാഗം എന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിനെതിരെയാണ് കോൺഗ്രസ് വിമർശനമുയർത്തിയത്. ഒബിസി, ജനറൽ വിഭാഗത്തെ ഒഴിവാക്കികൊണ്ട് ജാതി സെൻസസിൽ ക്രമക്കേടുണ്ടാക്കിയെന്നും കോൺഗ്രസ് ആരോപിച്ചു. ഇത് ജാതി സെൻസസിനോടുള്ള നരേന്ദ്ര മോദി സർക്കാരിന്റെ യഥാർത്ഥ ഉദേശങ്ങളെയാണ് തുറന്ന് കാണിക്കുന്നതെന്ന് കോൺഗ്രസ് പറഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറി (കമ്മ്യൂണിക്കേഷൻസ്) ജയറാം രമേശാണ് എക്സ് പോസ്റ്റിലൂടെ വിമർശനം അറിയിച്ചത്. ജനസംഖ്യാ കണക്കെടുപ്പിനുള്ള ചോദ്യങ്ങൾ സർക്കാർ അറിയിച്ചിട്ടില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
ജാതി കണക്കെടുപ്പിൽ തെലങ്കാന മാതൃക പിന്തുടരണമെന്ന് കോൺഗ്രസ് കേന്ദ്ര സർക്കാരിനോട് മുൻകൂട്ടി ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രാബല്യത്തിൽ വന്നിട്ടില്ല. സാമ്പത്തികവും സാമൂഹികവുമായ നീതി ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസം, തൊഴിൽ, വരുമാനം, രാഷ്ട്രീയ ഇടപെടൽ തുങ്ങിയവയ്ക്ക് മുൻതൂക്കം നൽകികൊണ്ടാവണം സെൻസസ് നടപ്പാക്കാൻ എന്നാണ് കോൺഗ്രസിൻ്റെ ആവശ്യം.
എന്നാൽ ജാതി സെൻസസ് എന്ന ആശയം നേരത്തെ നിരാകരിച്ച മോദി സർക്കാർ, കഴിഞ്ഞ വർഷം ഏപ്രിൽ 30 ന് 2027 ലെ സെൻസസിന്റെ ഭാഗമായി ജാതി കണക്കെടുപ്പും നടത്താമെന്ന ധാരണയിലെത്തുകയായിരുന്നു. എന്നിരുന്നാലും ജാതി സെൻസസിനോടുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നയം വ്യക്തമായില്ലെന്നും കാര്യങ്ങൾ ശരിയായ ദിശയിലല്ല പോകുന്നതെന്നും കോൺഗ്രസ് പറഞ്ഞു.
അതേസമയം, ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ഭവന ലിസ്റ്റിംഗും ഭവന സെൻസസും നടക്കും, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക്, ജമ്മു കശ്മീർ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും അടുത്ത വർഷം ഫെബ്രുവരിയിൽ ജനസംഖ്യാ കണക്കെടുപ്പ് നടക്കും.
Content Highlights: Congress criticised the Modi government over the caste census, alleging that the OBC community has been deliberately excluded from the exercise.