

ചെന്നൈ: തമിഴ്‌നാട്ടിൽ മധുര മുല്ലക്ക് വില കിലോഗ്രാമിന് 12,000 രൂപ കടന്നു. പൊങ്കൽ ആഘോഷിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ മുല്ലപ്പൂവിന് വില വർദ്ധിച്ചത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുല്ലപ്പൂവിന്റെ വരവു കുറഞ്ഞതും ആവശ്യം കൂടിയതുമാണ് വില റെക്കോർഡിലെത്തിച്ചത്. മധുരയിലെ പ്രധാന പുഷ്പ മാർക്കറ്റുകളായ ഉസിലംപട്ടി, തിരുമംഗലം എന്നിവിടങ്ങളിൽ 12,000 രൂപക്കാണ് വിൽപന നടന്നത്. കഴിഞ്ഞയാഴ്ച വരെ കിലോഗ്രാമിന് 2,000 രൂപയായിരുന്നു മുല്ലപ്പൂവിന്റെ വില.
മുല്ലപ്പൂക്കളിൽ 70% ഉസിലംപട്ടിയിലും പരിസര പ്രദേശങ്ങളിലുമാണ് കൃഷി ചെയ്യുന്നത്. തണുപ്പു കൂടിയതോടെ ഉൽപാദനം കുറഞ്ഞതും മാർഗഴി മാസത്തിൽ ആവശ്യം കൂടിയതുമാണ് വില വർദ്ധനക്ക് കാരണം.
തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും മുല്ലപ്പൂവിന് പൊന്നുംവിലയാണ്. കൊച്ചിയിൽ ആറായിരത്തിനും ഏഴായിരത്തിനും ഇടയിലാണ് മുല്ലപ്പൂവിന്റെ വില. മാലകളുടെ വിലയും കുത്തനെ ഉയർന്നു. ഒരു ചെറിയ മുല്ലപ്പൂ മാലക്ക് വില 100 രൂപയ്ക്ക് മുകളിലാണ്. ശനി, ഞായർ ദിവസങ്ങളിൽ ചില്ലറ വില ഇരട്ടിയാകുന്ന സ്ഥിതിയുമുണ്ട്.
കോയമ്പത്തൂർ, മധുര, സത്യമംഗലം, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ നിന്നുള്ള പൂക്കളുടെ വരവ് പകുതിയിലധികം കുറഞ്ഞതായി മൊത്തവ്യാപാരികൾ പറയുന്നു. വില 6,000 രൂപ കടന്നതോടെ വലിയൊരു വിഭാഗം കച്ചവടക്കാരും മുല്ലപ്പൂ എടുക്കുന്നത് നിർത്തിയിരിക്കുകയാണ്. വലിയ തുക നൽകി പൂക്കൾ വാങ്ങിയാൽ അന്നേ ദിവസം തന്നെ വിറ്റുപോയില്ലെങ്കിൽ വ്യാപാരികൾക്ക് വൻ നഷ്ടം സംഭവിക്കും.
മധുര മല്ലിപ്പൂവിന് ഭൗമസൂചികാ പദവിയുണ്ട്. മറ്റു മുല്ലപ്പൂവുകളെ അപേക്ഷിച്ച് ശക്തവും ഏറെ നേരം നിലനിൽക്കുന്നതുമായ സുഗന്ധവും നക്ഷത്ര ആകൃതിയുമാണ് മധുരയിലെ മുല്ലപ്പൂവിനെ വേറിട്ടതാക്കുന്നത്. കനകാംബരം, പിച്ചി തുടങ്ങിയ മറ്റു പൂവുകളുടെ വിലയും കൂടിയിട്ടുണ്ട്.
Content Highlight: The price of jasmine flowers, specifically Madurai Malli, has crossed ₹12,000 per kilogram. Kerala is also facing a sharp price hike. A decrease in supply, combined with high demand as Pongal approaches, has driven the price surge.