ശരീരത്തില്‍ നിയന്ത്രിക്കാനാവാത്തവിധം കോശവിഭജനമുണ്ടായി ഒടുവില്‍ കലകള്‍ക്കും അവയവങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുന്ന രോഗമാണ് കാന്‍സര്‍. ശരീരത്തിന്റെ ഏത് ഭാഗത്തും കാന്‍സര്‍ ഉണ്ടാകാം. എന്നാല്‍ ചില അവയവങ്ങളില്‍ കാന്‍സര്‍ കോശങ്ങള്‍ അമിതമായി വളരാന്‍ സാധ്യതയുണ്ട്. പുരുഷന്മാരെയും സ്ത്രീകളെയും വ്യത്യസ്തമായ രീതിയിലാണ് കാന്‍സര്‍ ബാധിക്കുന്നത്.
സാധാരണ കാന്‍സറുകളും അവ ബാധിക്കുന്ന അവയവങ്ങളും
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകമെമ്പാടും ആറ് തരത്തിലുള്ള കാന്‍സറുകളാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്. ശ്വസകോശം, സ്തനങ്ങള്‍,വന്‍കുടല്‍,പ്രോസ്‌റ്റേറ്റ്, കരള്‍,ആമാശയം എന്നീ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറുകളാണ് അവ.
കാന്‍സറിനുള്ള കാരണങ്ങള്‍
കോശവിഭജനത്തെ നിയന്ത്രിക്കുന്ന കോശ പദാര്‍ഥത്തിന് ജനിതക ക്ഷതം മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് കാന്‍സര്‍. കാന്‍സര്‍ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വിഭജിക്കപ്പെടുകയാണ് ഇവിടെ ചെയ്യുന്നത്. വ്യത്യസ്ത അവയവങ്ങളിലും ആളുകളിലും ഈ പ്രക്രീയക്ക് കാരണമാകുന്ന നിരവധി ഘടകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
1 കാന്‍സറിന് കാരണമാകുന്ന ജനിതക മ്യൂട്ടേഷനുകള്‍ സാധാരണയായി മാതാപിതാക്കളില്‍നിന്ന് പാരമ്പര്യമായി ലഭിക്കുന്നതോ കാലക്രമേണ ഉണ്ടായി വരുന്നതോ ആണ്.
2 ഹെപ്പറ്റെറ്റിസ് ബി, സി, ഹ്യുമന്‍ പാപ്പിലോമ വൈറസ്, ഹെലിക്കോബാക്ടര്‍, പൈലോറി എന്നിവ ഉള്‍പ്പെടെയുളള വിട്ടുമാറാത്ത അണുബാധകള്‍ കാന്‍സറിന് കാരണമാകാം.
3 പുകയില, വ്യാവസായിക സംയുക്തങ്ങള്‍, മലിനമായ ഭക്ഷണം, അര്‍ബുദകാരികളായ രാസവസ്തുക്കള്‍ ഇവയോട് ദീര്‍ഘകാലമായി സമ്പര്‍ക്കം പുലര്‍ത്തല്‍.
4 മെഡിക്കല്‍ ഇമേജിംഗ്( ക്ലിനിക്കല്‍ വിശകലനത്തിനായി ശരീരത്തിന്റെ ഉള്‍ഭാഗം ചിത്രീകരിക്കുന്ന സാങ്കേതിക വിദ്യ), പരിസ്ഥിതിയില്‍ നിന്ന് , ജോലി സ്ഥലത്തുനിന്ന് ഒക്കെ ഉണ്ടാകുന്ന അയോണൈസിംഗ് റേഡിയേഷന്‍)
5 സ്തനം, പ്രോസ്‌റ്റേറ്റ്, കരള്‍ തുടങ്ങിയവയിലെ കലകളെ ബാധിക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍.
6 വിട്ടുമാറാത്ത അണുബാധ, രോഗ പ്രതിരോധ വൈകല്യങ്ങള്‍, അല്ലെങ്കില്‍ ആവര്‍ത്തിച്ചുളള പരിക്കുകള്‍ മൂലമുണ്ടാകുന്ന സ്ഥിരമായ മുറിവുകള്‍.
കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍
ചില ഘടകങ്ങളൊക്കെ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. അവ അവയവങ്ങളെയും മറ്റ് പല സവിശേശഷിതകളെയും ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും.
50 വയസിന് മുകളില്‍ പ്രായം, കോശങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ ഇവയൊക്കെ കാന്‍സര്‍ സാധ്യത വര്‍ധിക്കാന്‍ കാരണമാകാറുണ്ട്.
ഏത് രൂപത്തിലുളള പുകയില ഉത്പന്നങ്ങളുടെയും ഉപയോഗം
സംസ്‌കരിച്ച മാംസങ്ങള്‍,നാരുകള്‍ കുറവുളള ഭക്ഷണങ്ങള്‍ ഇവയൊക്കെ ആമാശയത്തിലെയും വന്‍കുടലിലെയും കാന്‍സറിനുളള സാധ്യത വര്‍ധിപ്പിക്കുന്നു.
മദ്യപാനം
അമിതവണ്ണം, വ്യായാമത്തിന്റെയും ശരീരിക പ്രവര്‍ത്തനങ്ങളുടെയും കുറവ്