

ആഷസ് പരമ്പര തോൽവിക്കു പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ മദ്യപാന വിവാദം ചർച്ചയായിരുന്നു. ബ്രൂക്കിന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ആഷസിന് മുമ്പ് നടന്ന ന്യൂസീലൻഡ് പര്യടനത്തിനിടെ മദ്യപിച്ച് ലക്കുകെട്ട് നൈറ്റ് ക്ലബ്ബിൽ കയറാൻ ശ്രമിച്ച താരം പ്രശ്നങ്ങൾ സൃഷ്ടിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇത്.
നവംബർ ഒന്നിനാണ് സംഭവമുണ്ടായത്. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിന്റെ തലേ ദിവസം താരം വെല്ലിങ്ടനിലെ ഒരു നിശാ ക്ലബ് സന്ദർശിക്കാനെത്തിയിരുന്നു. ഈ സമയത്ത് താരം മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നു. എന്നാൽ താരത്തിനെ നിശാ ക്ലബിൽ കയറുന്നതിൽ നിന്നു സുരക്ഷാ ജീവനക്കാർ വിലക്കി. ഇതോടെ ബ്രൂക്ക് ജീവനക്കാരുമായി വാക്കു തർക്കമുണ്ടാക്കി. പിന്നാലെ ഒരു ജീവനക്കാരനെ ബ്രൂക്ക് കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ആഷസിൽ അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം ഇംഗണ്ട് താരങ്ങളുടെ നൂസ ട്രിപ്പും ചർച്ചയായിരുന്നു. ബെൻ ഡക്കറ്റ് ലഹരിയിലായിരുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ഇംഗ്ലണ്ട് ടീം ഹെഡ് കോച്ച് ബ്രണ്ടൺ മക്കല്ലം. ഇംഗ്ലണ്ട് ടീമിലെ പകുതി പേരും മദ്യപിക്കില്ലെന്നാണ് മക്കല്ലം പറയുന്നത്.
'ടീമിലെ പകുതി പേരും മദ്യം കഴിക്കാർ പോലുമില്ല. വല്ലപ്പോഴും ബിയർ കഴിച്ചാലെ ഉള്ളൂ. അതൊക്കെ എല്ലാവരും ചെയ്യുന്നതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്,' മക്കല്ലം പറഞ്ഞു.
ആഷസിൽ അഞ്ച് മത്സരത്തിൽ നാലും തോറ്റാണ് ഇംഗ്ലണ്ട് ഓസ്‌ട്രേലിയ വിട്ടത്. ടീമിനെതിരെയും കോച്ച് മക്കലത്തിനെതിരെയും ഒരുപാട് വിമർശനങ്ങളുയർന്നിരുന്നു.
Content Highlights- Brendon Maccullum replies for allegations against team regards alcohol