പുരുഷന്മാരെ ആക്രമിക്കാൻ ഒത്തുകൂടുന്ന പെണ്ണുങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ്;ഡബ്ല്യുസിസിയെ അധിക്ഷേപിച്ച് വിജയ്ബാബു

'ഒരു പുരുഷനെ ആക്രമിക്കാന്‍ കിട്ടുമ്പോള്‍ ഇവര്‍ ഒത്തുച്ചേരും, എന്നിട്ട് ഈ കളക്ടീവ് പിരിഞ്ഞുപോകും. അടുത്ത പുരുഷനെ കിട്ടു്‌മ്പോള്‍ വീണ്ടും വരും'

പുരുഷന്മാരെ ആക്രമിക്കാൻ ഒത്തുകൂടുന്ന പെണ്ണുങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ്;ഡബ്ല്യുസിസിയെ അധിക്ഷേപിച്ച് വിജയ്ബാബു
dot image

ഡബ്ല്യുസിസിയെ അധിക്ഷേപിച്ച് നിര്‍മാതാവും നടനുമായ വിജയ് ബാബു. ഒരു പുരുഷനെയോ അല്ലെങ്കില്‍ പുരുഷന്മാരെയോ ആക്രമിക്കാനായി മാത്രം ഒത്തുച്ചേരുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് ഇതെന്നാണ് വിജയ് ബാബുവിന്റെ വാക്കുകള്‍. ഡബ്ല്യുസിസി എന്ന് എടുത്തു പറയാതെ, വുമണ്‍, കളക്ടീവ് എന്നീ വാക്കുകള്‍ പരാമര്‍ശിച്ചുകൊണ്ടാണ് വിജയ് ബാബു ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് വിജയ് ബാബുവിന്റെ പ്രതികരണമെന്നാണ് കുറിപ്പിലെ സൂചനകള്‍.

'ഇരട്ടത്താപ്പിന്റെ തമ്പുരാട്ടികളെ കുറിച്ച് ചിലത് പറയാം. അവരുടെ കഥകളെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അത് അവസാനിക്കില്ല. അതേ കുറിച്ച് ഞാന്‍ ഒന്നും പറയാനും പോകുന്നില്ല. കാരണം അവര്‍ക്ക് അവരുടെ സമയവും സൗകര്യവും അനുസരിച്ച് ഏത് കാര്യവും വളച്ചൊടിക്കാനുള്ള പ്രിവില്ലേജ് ഉണ്ട്.

Vijay Babu

അവര്‍ സ്ത്രീകളാണ്, വല്യേ കളക്ടീവാണ്. അവരുടെ താല്‍പര്യത്തിന് അനുസരിച്ച് ഒരു പുരുഷനെ അല്ലെങ്കില്‍ അവര്‍ക്ക് തോന്നുന്ന പുരുഷന്മാരെ ആക്രമിക്കാന്‍ അവര്‍ ഒത്തുകൂടും. അതിനുശേഷം ആ കളക്ടീവ് പിരിഞ്ഞുപോകും. അടുത്ത ഒരു പുരുഷനെ ആക്രമിക്കാന്‍ കിട്ടുമ്പോള്‍ വീണ്ടും വരും. അവര്‍ക്ക് സ്വന്തമായി എന്തെങ്കിലും നിലവാരമോ നിലപാടോ ഇല്ല. തലയോ വാലോ ധര്‍മമോ പോളിസികളോ നിയമാവലിയോ ഇല്ലാത്ത ഒരു കൂട്ടം. അവരുടെ താല്‍പര്യത്തിന് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് മാത്രമാണ് ഈ കളക്ടീവ്,' വിജയ് ബാബു പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

വിജയ് ബാബുവിന്റെ വാക്കുകള്‍ക്ക് എതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മീ ടു ആരോപണം നേരിട്ടതിനും, നിര്‍മാതാവ് സാന്ദ്ര തോമസുമായുള്ള തര്‍ക്കങ്ങള്‍ക്കും പിന്നാലെയാണ് വിജയ് ബാബു ഡബ്ല്യുസിസിയെയും നിലപാടുള്ള സ്ത്രീകളെയും അധിക്ഷേപിക്കാന്‍ തുടങ്ങിയതെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. വെറും ജല്‍പനങ്ങള്‍ മാത്രമായി ഇവയെ തള്ളിക്കളയണമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. അതേസമയം, വിജയ് ബാബുവിനെ പിന്തുണച്ചും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

ടോക്‌സിക് സിനിമയുടെ ടീസറിനെ കുറിച്ചുള്ള ചര്‍ച്ചകളും കമന്റില്‍ നിറയുന്നുണ്ട്. ടീസറിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ഉയര്‍ത്തിയത്. പ്രധാനമായും ടീസറില്‍ നായകനായ യഷിനെ അവതരിപ്പിച്ചതും അതിനായി സ്ത്രീ കഥാപാത്രത്തെ ഉപയോഗിച്ച രീതിയുമാണ് വിമര്‍ശിക്കപ്പെട്ടത്. ടീസറിലെ രംഗങ്ങള്‍ സ്ത്രീ വിരുദ്ധത നിറഞ്ഞതാണെന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ കമന്റ് ചെയ്തു.

Toxic movie poster

എന്നാല്‍ ടീസറിനെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തി. സിനിമ ഇറങ്ങിയതിന് ശേഷം വിമര്‍ശിക്കുന്നതാണ് നല്ലതെന്നും കഥാപാത്രത്തിന്റെ രീതികളെ ഗ്ലോറിഫൈ ചെയ്യാത്തിടത്തോളം കുഴപ്പമൊന്നും ഇല്ല എന്നുമാണ് കമന്റുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ സിനിമയിലെ അഞ്ച് നായികമാരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നു. ശക്തരായ കഥാപാത്രങ്ങളാകും ഓരോരുത്തരുടേതെന്നും എന്ന സൂചനകളാണ് പോസ്റ്ററുകളും ഇവരെ അവതരിപ്പിച്ചുകൊണ്ട് ഗീതു മോഹന്‍ദാസ് എഴുതിയ കുറിപ്പും നല്‍കിയത്. ഗീതുവിന്റെ മുന്‍ സിനിമകളെ കൂടി ചൂണ്ടിക്കാണിച്ചുകൊണ്ട് ടോക്‌സിക് സ്ത്രീവിരുദ്ധത നിറഞ്ഞ ചിത്രമാകാന്‍ സാധ്യതയില്ലെന്നാണ് ചിലരുടെ അഭിപ്രായം. സിനിമ ഇറങ്ങിയ ശേഷമാകാം വിമര്‍ശനങ്ങളെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

Content Highlights: Vijay Babu against WCC, writes a belitteling post on social media. It also hints the ongoing discussions regarding Toxic movie teaser

dot image
To advertise here,contact us
dot image