

ജയ്‌പൂർ: രാജസ്ഥാനിലെ ജയ്‌പൂരിൽ ഔഡി കാർ നിയന്ത്രണം വിട്ട് ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. 4 പേരുടെ അവസ്ഥ ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി ആയിരുന്നു സംഭവം. ഡ്രൈവർ മദ്യപിച്ച് അമിത വേഗത്തിൽ കാർ ഓടിച്ചതാണ് അപകട കാരണം.
നിയന്ത്രണം വിട്ട കാർ ആദ്യം ഡിവൈഡറിൽ ഇടിച്ച് 30 മീറ്ററോളം മുന്നോട്ട് പോയതായി പൊലീസ് വ്യക്തമാക്കി. വഴിയോരത്തുണ്ടായിരുന്ന സ്റ്റാളുകളും മറ്റും മറിച്ചിടുകയും ശേഷം കാർ ഒരു മരത്തിൽ ചെന്ന് ഇടിച്ചു നിന്നു. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വണ്ടികൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ആഡംബര കാർ പരിപൂർണ്ണമായും തകർന്നു.
പരിക്കേറ്റവരെ പെട്ടെന്ന് തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 പേരുടെ നില ഗുരുതരമാണ്. ഇവരെ സവായ് മാൻ സിംഗ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ബിൽവാര സ്വദേശി രമേശ് ബൈർവ ചികിത്സയിരിക്കെയാണ് മരണപ്പെട്ടത്.
കാറിൽ നാല് പേർ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. നാല് പേരും മദ്യലഹരിയിൽ ആയിരുന്നുവെന്നും അതിൽ മൂന്ന് പേർ സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടതായും പോലീസ് അറിയിച്ചു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്. വണ്ടി ഓടിച്ചിരുന്നത് രാജസ്ഥാൻ ചുരു സ്വദേശി ദിനേഷ് റൺവാൻ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ഭജൻ ലാൽ ശർമ്മ നിർദ്ദേശം നല്കി. ഉപമുഖ്യമന്ത്രി പ്രേംചന്ദ് ഭൈർവ, ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ് ഖിംസർ എന്നിവർ പരിക്കേറ്റവരെ ആശുപത്രിയിൽ ചെന്ന് സന്ദർശിച്ചു.
Content Highlight: Drunk driver runs speeding Audi car over pedestrians in Jaipur on Friday. One died and 15 were severely injured. Officials stated that four were inside the car and they were allegedly drunk. While one person was arrested, three others fled the scene.