

തിയേറ്ററുകളില്‍ വലിയ വിജയവും പ്രേക്ഷകപ്രീതിയും നേടിയ ശേഷം എക്കോ ഇപ്പോള്‍ ഒടിടിയിലും വലിയ ശ്രദ്ധ നേടുകയാണ്. ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 31നായിരുന്നു നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയത്.
ഡിജിറ്റല്‍ റിലീസിന് പിന്നാലെ ചിത്രത്തെ തേടി വലിയ അഭിനന്ദനമാണ് എത്തിയത്. കേരളത്തിന് പുറത്തേക്കും എക്കോ ശ്രദ്ധ നേടാന്‍ തുടങ്ങി. ഇപ്പോള്‍ ഇന്ത്യയ്ക്ക് പുറത്തും സിനിമ ട്രെന്‍ഡിങ്ങാകുന്നു എന്നാണ് മനസിലാക്കാനാകുന്നത്.
ഡിസംബര്‍ 29 മുതല്‍ ജനുവരി 4 വരെയുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ ടോപ് 10 പട്ടികയിലാണ് എക്കോയും ഉള്‍പ്പെട്ടിരിക്കുന്നത്. ഇംഗ്ലിഷ്-ഇതര സിനിമാ വിഭാഗത്തിലെ കഴിഞ്ഞ ആഴ്ചയിലെ ആഗോള പട്ടികയിലാണ് എക്കോ ഇടം നേടിയിരിക്കുന്നത്. ഏഴാം സ്ഥാനത്താണ് ചിത്രം വന്നിരിക്കുന്നത്. 14 ലക്ഷം വ്യൂസാണ് ഒരാഴ്ച കൊണ്ട് ചിത്രം നേടിയിരിക്കുന്നത്.

പട്ടികയിലുള്ള ഒരേയൊരു മലയാള ചിത്രവും എക്കോയാണ്. ഹഖ്, സിംഗിള്‍ സല്‍മ, റാപോ22, രാത് അകേലി ഹേ, റിവോള്‍വര്‍ റീത എന്നിവയാണ് ലിസ്റ്റിലുള്ള മറ്റ് ഇന്ത്യന്‍ സിനിമകള്‍. ദ ഗ്രേറ്റ് ഫ്‌ലഡ് എന്ന കൊറിയന്‍ ചിത്രമാണ് ഈ ആഴ്ചയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
റിലീസായ ദിവസം മുതല്‍ ഇന്ത്യയിലെ ടോപ് 10 പട്ടികയില്‍ എക്കോ ഇടം നേടിയിട്ടുണ്ട്. കൂടാതെ ബംഗ്ലാദേശ്, ബഹറിന്‍, കുവൈറ്റ്,ശ്രീലങ്ക, മാല്‍ഡീവ്‌സ്, ഒമാന്‍, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലും എക്കോ ടോപ് 10 പട്ടികയിലുണ്ട്. ഇതില്‍ തന്നെ യുഎഇയില്‍ ചിത്രം ഒന്നാം സ്ഥാനത്തുമാണ്.

മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ കഥ പറഞ്ഞ എക്കോ തിരക്കഥയുടെയും കഥാപാത്ര സൃഷ്ടിയുടെയും ഫിലം മേക്കിങ്ങിന്റെയും ഭംഗി കൊണ്ടാണ് പ്രേക്ഷകരെ കയ്യിലെടുത്തത്. സന്ദീപ് പ്രദീപ്, ബിയാന മോമിന്‍, നരേയ്ന്‍, സൗരഭ് സച്ച്‌ദേവ, വിനീത്, അശോകന്‍, ബിനു പപ്പു എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും എഡിറ്റിംഗും തുടങ്ങി ഓരോ മേഖലയും മികച്ച നിലവാരമാണ് എക്കോ പുലര്‍ത്തിയത്. സിനിമയെ അവാര്‍ഡുകളും തേടിയെത്തുമെന്നാണ് ആരാധക പ്രതീക്ഷ.
Content Highlights: Eko movie Eko finds place at the global top 10 list of Non-English movies in netflix . In this week's list Eko also comes at the Top 10 list of 9 countries