മാറാട് പരാമര്‍ശം: മാപ്പ് പറയാന്‍ മനസ്സില്ല, പാര്‍ട്ടി പറഞ്ഞാല്‍ തീരുത്തും; ഖുര്‍ആന്‍ ഉയര്‍ത്തി എ കെ ബാലന്‍

വക്കീല്‍ നോട്ടീസില്‍ പറയുന്ന കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. ന്യൂനപക്ഷ വിരുദ്ധ മനസ്സിന്റെ ഉടമയാണ് താന്‍ എന്ന് വരുത്താനാണ് ശ്രമം എന്നും എ കെ ബാലൻ

മാറാട് പരാമര്‍ശം: മാപ്പ് പറയാന്‍ മനസ്സില്ല, പാര്‍ട്ടി പറഞ്ഞാല്‍ തീരുത്തും; ഖുര്‍ആന്‍ ഉയര്‍ത്തി എ കെ ബാലന്‍
dot image

പാലക്കാട്: വിവാദമായ മാറാട് പരാമര്‍ശത്തില്‍ ജമാഅത്തെ ഇസ്ലാമി അയച്ച വക്കീല്‍ നോട്ടീസിനോട് പ്രതികരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എ കെ ബാലന്‍. മാപ്പ് പറയാനോ നഷ്ടപരിഹാരം നല്‍കാനോ മനസ്സില്ലെന്ന് എ കെ ബാലന്‍ പറഞ്ഞു. ജയിലില്‍ പോകാനാണ് അന്തിമ വിധിയെങ്കില്‍ അത് സന്തോഷപൂര്‍വ്വം സ്വീകരിച്ച് ജയിലില്‍ പോകും. വിദ്യാര്‍ത്ഥി ജീവിതത്തില്‍ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് 30 ദിവസം ജയിലില്‍ കിടന്നയാളാണ് താന്‍. എന്‍ജിഒ അധ്യാപക സമരവുമായി ബന്ധപ്പെട്ടും റിമാന്‍ഡിലായിട്ടുണ്ട്. മന്ത്രിയായിരുന്നപ്പോഴുള്ള കേസില്‍ രണ്ടര വര്‍ഷം ശിക്ഷിക്കപ്പെട്ടിരുന്നു. മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നിട്ടില്ല. കേസും കോടതിയും പുത്തരിയല്ലെന്നും എ കെ ബാലന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തരവകുപ്പ് ജമാഅത്തെ ഇസ്ലാമിക്കായിരിക്കുമെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നുമായിരുന്നു എ കെ ബാലന്റെ വിവാദ പ്രസ്താവന. ഇത് പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചത്.

വക്കീല്‍ നോട്ടീസില്‍ പറയുന്ന കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. ന്യൂനപക്ഷ വിരുദ്ധ മനസ്സിന്റെ ഉടമയാണ് താന്‍ എന്ന് വരുത്താനാണ് ശ്രമം. മതന്യൂനപക്ഷ വിരുദ്ധ സമീപനം ഇന്നേവരെ തന്നില്‍നിന്ന് ഉണ്ടായിട്ടില്ല. ജമാഅത്തെ ഹിന്ദ് പ്രസ്ഥാനത്തിന്റെ നയം ആ സംഘടനയുടെ സെക്രട്ടറി വ്യക്തമാക്കണം. സോഷ്യലിസ്റ്റ് ആശയം ഉള്‍ക്കൊണ്ട് യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് താന്‍. ഭരണഘടനയെ ബഹുമാനിക്കുന്നുണ്ടോ, മത രാഷ്ട്രവാദമാണോ ലക്ഷ്യം എന്ന് വ്യക്തമാക്കിട്ട് വേണമായിരുന്നു ജമാഅത്തെ ഇസ്ലാമി ഹിന്ദ് തനിക്ക് വക്കീല്‍ നോട്ടീസ് അയക്കാന്‍. മതസൗഹാര്‍ദ്ദത്തെ ഹനിക്കുന്ന ഒരു പ്രവൃത്തിയും വാക്കും തന്നില്‍ നിന്നും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. മാധ്യമങ്ങളോട് താന്‍ പറഞ്ഞത് തെറ്റായി വളച്ചൊടിച്ചുവെന്നും എ കെ ബാലന്‍ പറഞ്ഞു.

തന്റെ പ്രസ്താവന വിവാദമാക്കിയത് പ്രതിപക്ഷ നേതാവാണെന്നും എ കെ ബാലന്‍ പറഞ്ഞു. വക്കീല്‍ നോട്ടീസ് തനിക്ക് ലഭിക്കും മുമ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. അത് ഗുരുതര തെറ്റാണ്. കര്‍ശന പരിശോധന അക്കാര്യത്തില്‍ താന്‍ നടത്തുമെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് പിന്തുണയോടെയാണ് എന്‍ഡിഎ മത്സരിക്കുന്നതെങ്കില്‍ ജമാഅത്തെ ഇസ്ലാമി പിന്തുണയിലാണ് യുഡിഎഫ് മത്സരിക്കുന്നത്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ അഭ്യന്തര വകുപ്പ് നിയന്ത്രിക്കും. അത് മതസൗഹാര്‍ദ്ദത്തെ ബാധിക്കും, മാറാട് ആവര്‍ത്തിക്കുമെന്നാണ് പറഞ്ഞത്. അനുഭവങ്ങള്‍ കൊണ്ടാണ് പ്രസ്താവന നടത്തിയത്. ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി ഭരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് രംഗത്തുവന്നിട്ടില്ല. മറ്റു മുസ്ലിം സംഘടനകളും രംഗത്തുവന്നിട്ടില്ല. അത് അഭിമാനത്തോടെ പറയുന്നു. അവര്‍ നല്ല സമീപനത്തോടെ കാര്യങ്ങളെടുത്തു. തന്നെ മുസ്ലിം ലീഗില്‍ നിന്നും വിമര്‍ശിച്ചത് കെഎം ഷാജി മാത്രമാണ്. അയാള്‍ വീണിടത്ത് ഉരുളുന്നയാളാണ്', എ കെ ബാലന്‍ പറഞ്ഞു.

ഖുര്‍ആന്‍ മലയാള പരിഭാഷയുമായാണ് എ കെ ബാലന്‍ പത്രസമ്മേളനത്തിലെത്തിയത്. ജയിലില്‍ പോകേണ്ടി വന്നാല്‍ ഖുര്‍ആന്‍ വായിച്ച് തീര്‍ക്കും. ഖുര്‍ആനില്‍ മുനാഫിക്കുകളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഈമാനുള്ള കമ്മ്യൂണിസ്റ്റ് ആണ് താന്‍ എന്നും എ കെ ബാലന്‍ പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ പരാമര്‍ശം തിരുത്തും. ഒരു ആപത്ത് തുറന്നുകാട്ടുകയാണ് ചെയ്തത്. മുന്നറിയിപ്പ് ഇനിയും നല്‍കുമെന്നും എ കെ ബാലന്‍ പറഞ്ഞു. താന്‍ വാ തുറന്നത് കൊണ്ട് എന്റെ പാര്‍ട്ടിക്ക് ഒരു അപകടവും ഉണ്ടായിട്ടില്ല. ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നെന്ന് വ്യാജ വാര്‍ത്ത നല്‍കി. ആ വാര്‍ത്തയുടെ നാഥന്‍ ആരെന്ന് വ്യക്തമാക്കണം. രാജ്യത്തിന്റെ പരമാധികാരത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയെ കൂട്ട് പിടിച്ചു യു ഡി എഫ് മുന്നോട്ട് പോയി ഒരു സര്‍ക്കാര്‍ ഉണ്ടായാല്‍ അത് കേരളത്തിന്റെ നാശം ആകുമെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: A K Balan React to marad jamaat e islami Controversial Statement

dot image
To advertise here,contact us
dot image