6വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി;പ്രതികളെ വെടിവെച്ച് കീഴ്‌പ്പെടുത്തി

ജനുവരി രണ്ടിനാണ് അതിദാരുണമായ സംഭവം നടന്നത്

6വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി;പ്രതികളെ വെടിവെച്ച് കീഴ്‌പ്പെടുത്തി
dot image

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. ജനുവരി രണ്ടിനാണ് അതിദാരുണമായ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സിക്കന്ദരാബാദിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍, ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 70(2), 103(1) എന്നിവ പ്രകാരവും പോക്‌സോ നിയമത്തിലെ 5(എം), 6 എന്നീ സെക്ഷന്‍ പ്രകാരവും പൊലീസ് കേസെടുത്തു. പെണ്‍കുട്ടി താമസിച്ചിരുന്ന കെട്ടിടത്തിലെ തമാസക്കാരായ രാജു, വീരു കശ്യപ് എന്നിവരാണ് പ്രതികളെന്നും പിതാവ് പരാതിയില്‍ പറയുന്നു.

തന്റെ മകള്‍ ടെറസില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും പിന്നീട് കെട്ടിടത്തിന് പിന്നിലെ വയലില്‍ മരിച്ചു കിടക്കുന്നതായാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരും ചേര്‍ന്ന് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതായി സംശയിക്കുന്നുന്നതായും പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മൂന്ന് ടീമുകള്‍ രൂപീകരിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തില്‍ പ്രതികള്‍ ഒളിച്ചിരിക്കുന്നതായി പൊലീസിന് പിന്നീട് വിവരം ലഭിച്ചു. തുടര്‍ന്ന് സിക്കന്ദരാബാദ് പൊലീസ് സംഘം പ്രദേശം വളഞ്ഞു. പ്രതികള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തതായും പൊലീസ് തിരിച്ചടിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

ഏറ്റുമുട്ടലില്‍ രാജുവിന്റെയും വീരു കശ്യപിന്റെയും കാലുകള്‍ക്ക് പരിക്കേറ്റു. ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Content Highlights: 6 year old girl assaulted and thrown from terrace in UP

dot image
To advertise here,contact us
dot image