

ഭോപ്പാൽ: ഇൻഡോറിൽ മലിനജലം കുടിച്ച് മരിച്ചവരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞും. സുനിൽ സാഹു എന്നയാളുടെ കുഞ്ഞാണ് മരിച്ചത്. പത്ത് വർഷം കാത്തിരുന്ന ശേഷമാണ് സുനിൽ സാഹുവിനും ഭാര്യക്കും കുഞ്ഞ് ജനിച്ചത്. ആ സന്തോഷത്തെയാണ് അധികകാലം ആകുംമുമ്പേ മലിനജല ദുരന്തം കവർന്നത്.
മലിനജലം കുടിച്ചതിന് പിന്നാലെ കുഞ്ഞിന് വയറിളക്കം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ദമ്പതികൾ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാൽ പെട്ടെന്ന് കുഞ്ഞിന് പനി മൂർച്ഛിക്കുകയും തുടർച്ചയായി ഛർദ്ദിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. മരിച്ചവരിൽ പലർക്കും വയറുവേദന അനുഭവപ്പെടുകയും ഇവർ പലതവണ ചർദ്ദിക്കുകയും ചെയ്തിരുന്നു.
പ്രായമേറിയവരായിരുന്നു കൂടുതൽ ദുരിതമനുഭവിച്ചത്. മഞ്ജുള വാദേ എന്ന 74കാരിക്ക് രൂക്ഷമായ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. ഒരു രാത്രി മുഴുവൻ ഇവർ ഉറങ്ങാതെ കഴിച്ചുകൂട്ടി. എന്നാൽ അടുത്ത ദിവസം ആരോഗ്യാവസ്ഥ മോശമാകുകയും ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുൻപേ മരിക്കുകയുമായിരുന്നു. കുറച്ച് ദിവസങ്ങളായി വെള്ളം മോശമായിരുന്നുവെന്നും ഭാര്യയുടെ മരണത്തിന് സർക്കാരാണ് ഉത്തരവാദി എന്നുമാണ് ഭർത്താവായ ദിഗംബർ വാദേ രോഷത്തോടെ പ്രതികരിച്ചത്. 50 വയസുള്ള സീമ, 70കാരി ഊർമിള എന്നിവരുടെയും അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ഇരുവർക്കും കടുത്ത ഛർദ്ദിയും വയറിളക്കവുമാണ് അനുഭവപ്പെട്ടത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ഇവർ മരിച്ചിരുന്നു.
മലിനജല ദുരന്തത്തിൽ മരണസംഖ്യ 13ആയി. 169 പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. 1300ഓളം പേരെയാണ് ദുരന്തം ബാധിച്ചത്. സംഭവത്തില്‍ രണ്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് വ്യക്തമാക്കി. അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അടിയന്തര സാഹചര്യമെന്ന് വിലയിരുത്തിയ യാദവ് സര്‍ക്കാര്‍ സാഹചര്യം വിലയിരുത്തുന്നുണ്ടെന്നും ഇരയായവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും വ്യക്തമാക്കി.
അസുഖബാധിതര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് ശുദ്ധമായ വെള്ളം ലഭ്യമാക്കണമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനോടും കോടതി ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തെ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
ഇന്‍ഡോറിലെ ഭഗീരഥപുരയില്‍ 25ാം തീയതി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വിതരണം ചെയ്ത വെള്ളത്തിന് അസാധാരണമായ രുചി മാറ്റവും മണവുമുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളത്തിന് കയ്പ് രുചിയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മുന്‍സിപ്പല്‍ പൈപ്പില്‍ നിന്ന് വരുന്ന നര്‍മദ നദിയില്‍ നിന്നുള്ള വെള്ളം കുടിച്ചപ്പോള്‍ മുതല്‍ രോഗം ബാധിച്ചുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ശുദ്ധീകരണത്തിനായുള്ള കെമിക്കല്‍ അമിതമായി ഉപയോഗിച്ചതോ, മറ്റെന്തെങ്കിലും മാലിന്യങ്ങള്‍ കലര്‍ന്നതോ ആകാം എന്നാണ് ഉയർന്നിരിക്കുന്ന സംശയം. ഈ ലൈനിന് മുകളില്‍ ശൗചാലയങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
Content Highlights: Indore water contamination; 6 month year old was born after 10 years wait