

ആഗോളതലത്തിൽ നേരിടുന്ന അവയവ ദൗർലഭ്യത്തിന് പരിഹാരം കാണാൻ ലക്ഷ്യമിട്ട്, മനുഷ്യരല്ലാത്ത ജീവികളുടെ അവയവങ്ങളും ആധുനിക സാങ്കേതികവിദ്യയിലൂടെ നിർമ്മിച്ചെടുക്കുന്ന കൃത്രിമ കോശങ്ങളും മനുഷ്യരിൽ വെച്ചുപിടിപ്പിക്കുന്നതിനുള്ള ചരിത്രപരമായ നിയമനിർമ്മാണത്തിനൊരുങ്ങി യുഎഇ. അത്യാധുനിക ആരോഗ്യ സാങ്കേതികവിദ്യകളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സഹായത്തോടെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് യുഎഇയുടെ ഈ പുതിയ നീക്കം. ഇതിനായി പൊതുജനങ്ങൾക്കും ആരോഗ്യ വിദഗ്ദ്ധർക്കും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ യുഎഇ ലെജിസ്ലേഷൻ പ്ലാറ്റ്‌ഫോം വഴി ചർച്ചകൾ ആരംഭിച്ചു.
ജനിതകമാറ്റം വരുത്തിയ മൃഗങ്ങളുടെ അവയവങ്ങൾ, സാങ്കേതികവിദ്യയുടെ സഹായത്തോടെ ലബോറട്ടറികളിൽ വികസിപ്പിച്ചെടുക്കുന്ന അവയവങ്ങൾ മനുഷ്യരിലേക്ക് മാറ്റിവെക്കുന്നതിനുള്ള വ്യക്തമായ നിയമരൂപരേഖയാണ് യുഎഇ ലക്ഷ്യമിടുന്നത്. നിലവിലുള്ള യുഎഇ നിയമങ്ങൾ മനുഷ്യരുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിനെയും കൈമാറുന്നതിനെയും കുറിച്ച് മാത്രമാണ് പ്രതിപാദിക്കുന്നത്. അതിനാൽ, പുതിയ മെഡിക്കൽ സാങ്കേതികവിദ്യകൾ നടപ്പിലാക്കുമ്പോൾ രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും ധാർമ്മികമായ മാനദണ്ഡങ്ങൾ പാലിക്കാനും പുതിയ നിയമനിർമ്മാണം അനിവാര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
യുഎഇ ലെജിസ്ലേഷൻ പ്ലാറ്റ്‌ഫോമിലെ ചർച്ചകളിൽ ഏഴ് പ്രധാന ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമത്തിന്റെ ആവശ്യകത, ഇതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, നേരിടാൻ സാധ്യതയുള്ള വെല്ലുവിളികൾ, ധാർമ്മികമായ വശങ്ങൾ എന്നിവയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഗവേഷകർക്കും പൊതുജനങ്ങൾക്കും ഇതിലൂടെ അവസരമുണ്ട്. 2026 ജൂൺ 22 മുതൽ ഒരു മാസക്കാലമാണ് ഈ പ്ലാറ്റ്‌ഫോം പൊതുജനാഭിപ്രായങ്ങൾക്കായി തുറന്നുനൽകിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് രോഗികളാണ് അവയവങ്ങൾ ലഭിക്കാനായി വർഷങ്ങളായി കാത്തിരിപ്പ് തുടരുന്നത്. ഈ സാഹചര്യത്തിൽ, പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ച ജനിതകമാറ്റം വരുത്തിയ പന്നികളുടെ ഹൃദയവും വൃക്കയും മനുഷ്യരിൽ വിജയകരമായി വെച്ചുപിടിപ്പിച്ച ആഗോള ശാസ്ത്ര മുന്നേറ്റങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്. കൂടാതെ ചർമ്മം, രക്തക്കുഴലുകൾ എന്നിവ നിർമ്മിക്കുന്നതിലും ശാസ്ത്രം വിജയിച്ചിട്ടുണ്ട്. ഭാവിയിൽ വൃക്ക, കരൾ, ഹൃദയം തുടങ്ങിയ സങ്കീർണ്ണമായ അവയവങ്ങൾ ലാബുകളിൽ നിർമ്മിച്ചെടുക്കാനുള്ള ഗവേഷണങ്ങൾ തുടരുകയാണ്.
ആരോഗ്യ ഗവേഷണങ്ങളിൽ വലിയ തോതിലുള്ള നിക്ഷേപമാണ് യുഎഇ നടത്തിവരുന്നത്. ഭാവി ആരോഗ്യമേഖലയെ മുൻകൂട്ടി കണ്ട് യുഎഇ ആരോഗ്യരംഗത്തെ മികവുറ്റതാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
Content Highlights: The UAE is promoting cutting-edge biomedical research involving animal organs and bioengineered tissues for human use. The initiative aims to accelerate advances in organ transplantation and regenerative medicine.