

2025 അവസാനിക്കുമ്പോൾ ഈ വര്‍ഷം ഒറ്റ റിലീസ് പോലുമില്ലാത്ത ഒരു താരമാണ് 2025 ലെ ഏറ്റവും ധനികനായ ബോളിവുഡ് നടന്‍. മറ്റാരുമല്ല ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ തന്നെയാണ്. അഭിനയത്തിലും സമ്പത്തിലും അദ്ദേഹത്തെ തോൽപിക്കാൻ ആർക്കും പറ്റില്ല. ഇന്ത്യയിലെ ഏറ്റവും ധനികനായ നടനായാണ് ഷാരൂഖ് ഖാൻ മാറിയിരിക്കുന്നത്. ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 പ്രകാരം, ഖാന്‍ ഈ വര്‍ഷം ബില്യണയര്‍ ക്ലബ്ബില്‍ ചേര്‍ന്നു. ഷാരൂഖിന്റെ ആകെ ആസ്തി 1.4 ബില്യണ്‍ ഡോളറാണ്, അതായത് 12,490 കോടി രൂപ. ഇതോടെ ബില്യണയര്‍ പട്ടികയില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ നടനായി ഷാരൂഖ് ഖാന്‍ മാറി.
ഷാരൂഖ് ഖാന്റെ പ്രധാന വരുമാനം അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്നാണെങ്കിലും ഈ വർഷം അദ്ദേഹത്തിന്റെ സിനിമകൾ ഒന്നും തന്നെ റിലീസ് ചെയ്തിട്ടില്ല. മകന്‍ ആര്യന്‍ ഖാന്റെ സംവിധാന അരങ്ങേറ്റമായ ദി ബാഡ്സ് ഓഫ് ബോളിവുഡില്‍ അദ്ദേഹം ഒരു അതിഥി വേഷത്തില്‍ എത്തിയിരുന്നു. നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയായ ദി റോഷന്‍സിലും നടൻ ചെറിയൊരു വേഷം ചെയ്തു എന്നത് ഒഴിച്ചാൽ നടന്റെ സിനിമകൾ ഒന്നും ഇക്കോലം റിലീസ് ചെയ്തിട്ടില്ല. ഈ വര്‍ഷം സ്വന്തമായി ഒരു സിനിമ റിലീസ് ചെയ്യാതെയാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ നടനെന്ന സ്ഥാനം താരം നിലനിര്‍ത്തിയത്.
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഷാരൂഖിന്റെ സമ്പത്തിൽ ഗണ്യമായ വളർച്ചയുണ്ടായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രധാനമായും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ നിക്ഷേപങ്ങളാണ് ഇതിന് കാരണം. ഇതിനുപുറമേ വിഎഫ്എക്‌സ് ജോലികള്‍, ചലച്ചിത്ര വിതരണം, ഡിജിറ്റല്‍ മീഡിയ എന്നിവ കൈകാര്യം ചെയ്യുന്ന റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് എന്ന പ്രൊഡക്ഷന്‍ ഹൗസ് അദ്ദേഹത്തിനുണ്ട്.

ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും അദ്ദേഹത്തിന് ഒന്നിലധികം റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളുണ്ട്. മുംബൈയിലെ കടലിന് അഭിമുഖമായുള്ള അദ്ദേഹത്തിന്റെ പ്രശസ്തമായ മാളികയായ മന്നത്തിന്റെ മൂല്യം ഏകദേശം 200 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യം മുതല്‍ മന്നത്ത് നവീകരണത്തിലാണ്. ആഡംബര ബംഗ്ലാവിനെ കൂടാതെ ലണ്ടനിലെ പാർക്ക് ലെയ്നിൽ ഒരു ആഡംബര അപ്പാർട്ട്മെന്റ്, ഇംഗ്ലണ്ടിൽ ഒരു അവധിക്കാല വിശ്രമ കേന്ദ്രം, ബെവർലി ഹിൽസിൽ ഒരു വില്ല, ഡൽഹിയിൽ പ്രോപ്പർട്ടികൾ, അലിബാഗിൽ ഒരു ഫാംഹൗസ്, ദുബായിൽ ബംഗ്ലാവ് എന്നിവയും ഷാരൂഖിന് സ്വന്തമായുണ്ട്.
ലക്ഷ്വറി വാഹനങ്ങളുടെ വലിയൊരു ശേഖരം ഷാരൂഖ് ഖാൻ സമ്പാദിച്ച് വെച്ചിട്ടുണ്ട്. വിവിധ മാധ്യമ സ്രോതസ്സുകൾ പ്രകാരം, ബിഎംഡബ്ല്യു, റോൾസ് റോയ്‌സ്, മെഴ്‌സിഡസ് ബെൻസ്, ഓഡി, ബുഗാട്ടി, റേഞ്ച് റോവർ തുടങ്ങി പ്രശസ്തമായ നിരവധി ലക്ഷ്വറി വാഹനങ്ങൾ ഷാരൂഖിന്റെ ഗ്യാരേജിലുണ്ട്. 12 കോടി രൂപ വിലമതിക്കുന്ന ബുഗാട്ടി വെയ്‌റോൺ ആണ് അദ്ദേഹത്തിന്റെ ശേഖരത്തിലെ ഏറ്റവും മികച്ച ആഡംബര വാഹനം. 9.5 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്‌സ് ഫാന്റം, 3.29 കോടി രൂപ വിലയുള്ള ബെന്റ്‌ലി കോണ്ടിനെന്റൽ ജിടി എന്നിവയാണ് മറ്റ് ശ്രദ്ധേയമായ വാഹനങ്ങൾ.
Content Highlights: Shah Rukh Khan becomes the richest actor in the world