വാട്‌സ്ആപ്പിൽ ബാൻ ചെയ്യപ്പെട്ടോ? മറ്റ് പ്ലാറ്റ്‌ഫോമുകളിലും നിങ്ങളുടെ നമ്പർ ബ്ലോക്ക് ആകാം!

വാട്‌സ്ആപ്പ് മൊബൈൽ നമ്പറുകൾ ബാൻ ചെയ്യുന്നതിന് പിന്നാലെ ഇവ ഉപയോഗിക്കുന്നവർ ടെലഗ്രാമിലേക്ക് സ്വിച്ച് ചെയ്യുന്ന പ്രവണത കൂടിവരികയാണ്

വാട്‌സ്ആപ്പിൽ ബാൻ ചെയ്യപ്പെട്ടോ? മറ്റ് പ്ലാറ്റ്‌ഫോമുകളിലും നിങ്ങളുടെ നമ്പർ ബ്ലോക്ക് ആകാം!
dot image

വാട്‌സ്ആപ്പ് നിലവിൽ ഇന്ത്യയിൽ നിന്നുള്ള പത്ത് മില്യണിലധികം അക്കൗണ്ടുകൾ പ്രതിമാസം ബാൻ ചെയ്തുകൊണ്ടിരിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും ഉയരുന്ന സാഹചര്യത്തിലാണ് മെറ്റ ഈ നടപടിയിലേക്ക് കടന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നമ്പർ കൃത്യമായി കണ്ടെത്തി ഇവരെ നിയന്ത്രിക്കുകയാണ് മെറ്റ ചെയ്യുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ഇന്ത്യൻ സർക്കാർ ഈ ബാനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. വാട്‌സ്ആപ്പിൽ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെട്ട നമ്പറുകൾ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവിടെയെല്ലാം ബ്ലോക്ക് ചെയ്യാം എന്നൊരു നിർദേശമാണ് ചർച്ചകളിൽ ഉയർന്ന് വന്നിരിക്കുന്നത്. വാട്‌സ്ആപ്പ് കണ്ടെത്തിയ നമ്പറുകൾ സർക്കാരിന് കൈമാറുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് മുഴുവനായും തട്ടിപ്പുകളെ പ്രതിരോധിക്കേണ്ടതിന് പര്യാപ്തമായ സാഹചര്യമല്ല ഉള്ളത്. ഇതിനെ തുടർന്നുള്ള ആശങ്ക സർക്കാരിന് മേൽ തന്നെ ചെറിയ സമ്മർദമുണ്ടാക്കുന്നുണ്ടെന്നാണ് എക്‌ണോമിക് ടൈംസ് അടക്കം റിപ്പോർട്ട് ചെയ്യുന്നത്. വാട്‌സ്ആപ്പ് മൊബൈൽ നമ്പറുകൾ ബാൻ ചെയ്യുന്നതിന് പിന്നാലെ ഇവ ഉപയോഗിക്കുന്നവർ ടെലഗ്രാമിലേക്ക് സ്വിച്ച് ചെയ്യുന്ന പ്രവണത കൂടിവരികയാണ്. അതേസമയം വാട്‌സ്ആപ്പ് എത്ര അക്കൗണ്ടുകൾ ബാൻ ചെയ്യുന്നു എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും നൽകുന്നില്ല. അതിനാൽ എങ്ങനെ, എന്തുകൊണ്ട് വാട്‌സ്ആപ്പ്, അതിലെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ബാൻ ചെയ്യുന്നു എന്നതിനെ കുറിച്ച് ഒരു വ്യക്തത സർക്കാരിനും മതിയായ രീതിയിൽ ലഭിക്കുന്നില്ല.

ഫോൺ നമ്പർ ഉപയോഗിച്ച് സജ്ജീകരിക്കുന്ന വാട്‌സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകൾ ഒടിപി ഉപയോഗിച്ചാണ് എനേബിൾ ചെയ്യുന്നത്. സിം കാർഡ് ഇല്ലെങ്കിലും ഇവ ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്താൻ പ്രയാസമാണ്. ഈ വർഷം ജനുവരിയിൽ 9.9 മില്യൺ, ഫെബ്രുവരിയിൽ 9.7 മില്യൺ എന്നിങ്ങനെ ഒക്ടോബറിൽ 9.1 മില്യൺ അക്കൗണ്ടുകളാണ് വാട്‌സ്ആപ്പ് ബാൻ ചെയ്തിരിക്കുന്നത്. വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണി തന്നെ ഇന്ത്യയാണ്. നിലവിൽ ഇത്തരത്തിൽ ബാൻ ചെയ്ത നമ്പറുകളുടെ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ സ്പാം, സ്‌കാം, സൈബർ തട്ടിപ്പ് എന്നിവയിൽ ഉള്‍പ്പെട്ട നമ്പറുകള്‍ ഏതാണെന്ന് കൃത്യമായി സർക്കാർ അധികൃതർ മനസിലാക്കാൻ കഴിയില്ല. +91എന്ന് കോഡിൽ തുടങ്ങുന്ന നമ്പറുകളെ കാറ്റഗറൈസ് ചെയ്താണ് വാട്‌സ്ആപ്പ് ബാൻ ചെയ്യുന്നത്. വാട്‌സ്ആപ്പിന്റെ പോളിസികൾ ലംഘിക്കുന്ന, തട്ടിപ്പുപോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നെന്ന് സംശയിക്കുന്ന അക്കൗണ്ടുകളാണ് ബാൻ ചെയ്യുന്നതെന്നാണ് കമ്പനിയുടെ വിശദീകരണത്തിലുള്ളത്.

അതേസമയം ഇത്തരത്തിൽ ബാൻ ചെയ്യപ്പെടുന്ന നമ്പറുകൾ ഓവർ ദ ടോപ്പ് (OTT) പ്ലാറ്റ്‌ഫോമുകളിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് സർക്കാർ അധികൃതർ മനസിലാക്കിയിട്ടുണ്ട്. 95 ശതമാനം ഡിജിറ്റൽ അറസ്റ്റ്, ആൾമാറാട്ട കേസുകൾ എന്നിവ നടക്കുന്നത് വാട്‌സ്ആപ്പിലൂടെയാണ്. എന്തുകൊണ്ടാണ് ഇന്ത്യയിലെ നമ്പറുകൾ ഇത്തരത്തിൽ ഉപയോഗിക്കപ്പെടുന്നതെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ടെന്നാണ് സർക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ നവംബറിൽ സർക്കാർ നിർദേശം നൽകിയതിന് പിന്നാലെ ഏകദേശം 2.9 മില്യൺ വാട്‌സ്ആപ്പ് പ്രൊഫൈലുകളും ഗ്രൂപ്പുകളും കമ്പനി ബാൻ ചെയ്തിട്ടുണ്ട്.

Content Highlights: Indian govt may block numbers whicgh will already banned by Whatsapp

dot image
To advertise here,contact us
dot image