

ഒമാന്റെ ആകാശത്ത്, ജെമിനിഡ് ഉല്‍ക്കാവര്‍ഷം അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്ന് ഒമാന്‍ അസ്‌ട്രോണമി ആന്റ് സ്‌പേസ് സൊസൈറ്റി. വര്‍ഷത്തിലെ ഏറ്റവും ശ്രദ്ധേയമായ ആകാശ ദൃശ്യങ്ങളിലൊന്ന് ദര്‍ശിക്കാന്‍ അപൂര്‍വ്വ അവസരമാണ് ഒരുങ്ങുന്നതെന്ന് ഒമാന്‍ ജ്യോതി ശാസ്ത്രഞന്മാർ അറിയിച്ചു. ഡിസംബർ 13ന് രാത്രിയിലും ഡിസംബർ 14ന് അതിരാവിലെയും ആയിരിക്കും ഈ ദൃശ്യവിരുന്ന്. പുലര്‍ച്ചെ 12:50ന് ചന്ദ്രൻ ഉദിക്കുന്നതിനുമുമ്പ് ഇരുണ്ട ആകാശമായിരിക്കുമെന്നതിനാൽ ദൃശ്യമികവ് കൂടുതലായിരിക്കുമെന്ന് അസ്‌ട്രോണമി ആന്റ് സ്‌പേസ് സൊസൈറ്റി ഉദ്യോഗസ്ഥന്‍ ഖാസിം ബിന്‍ ഹമദ് അല്‍ ബുസൈദി പറഞ്ഞു.
അനുയോജ്യമായ സാഹചര്യങ്ങളില്‍ മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ എത്താന്‍ സാധ്യതയുണ്ടെന്നും മഗ്‌നീഷ്യം, സോഡിയം തുടങ്ങിയ രാസമൂലകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കത്തുന്നതിനാല്‍ ഉല്‍ക്കകള്‍ പലപ്പോഴും മഞ്ഞയും പച്ചയും നിറങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നും അല്‍ ബുസൈദി വിശദീകരിച്ചു.
രാത്രി മുഴുവന്‍, ജെമിനി നക്ഷത്രസമൂഹത്തിലെ ജെമിനിഡുകളുടെ വികിരണ ബിന്ദു ക്രമാനുഗതമായി ഉയരും. പുലര്‍ച്ചെ ഒരു മണിക്കും നാല് മണിക്കും ഇടയില്‍ അസാധാരണമായ ഒരു കാഴ്ചാ ജാലകം തന്നെ സൃഷ്ടിക്കുമെന്നും 'എര്‍ത്ത്‌ഗ്രേസറുകള്‍' എന്ന് വിളിക്കപ്പെടുന്ന ഇവ മുഴുവന്‍ ചക്രവാളത്തിലും വ്യാപിക്കുന്ന നീണ്ട ഉല്‍ക്കകളാണെന്നും റെഗുലസ്, സിറിയസ്, ആല്‍ഡെബറാന്‍, കാപ്പെല്ല, ജെമിനി, ടോറസ് നക്ഷത്രങ്ങള്‍, പ്ലീയാഡ്‌സ് ക്ലസ്റ്റര്‍ എന്നിവയുള്‍പ്പെടെ നിരവധി തിളക്കമുള്ള നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നിരീക്ഷകര്‍ക്ക് കാണാന്‍ കഴിയും. സൂര്യനും ചന്ദ്രനും ശേഷം ആകാശത്തിലെ ഏറ്റവും തിളക്കമുള്ള വസ്തുവായി ശുക്രന്‍ ദൃശ്യമാകും. അതേസമയം വ്യാഴവും ശനിയും ദൃശ്യമാകും, രണ്ടാമത്തേത് അതിന്റെ സ്വഭാവ സവിശേഷതയായ സ്വര്‍ണ്ണ നിറം പ്രദര്‍ശിപ്പിക്കും.
പ്രഭാതത്തിന് മുമ്പ് കിഴക്കന്‍ ചക്രവാളത്തിലേക്ക് തടസ്സമില്ലാത്ത കാഴ്ച കാണാനാകും. പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ലാതെ തന്നെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് ജെമിനിഡുകള്‍ ആസ്വദിക്കാന്‍ കഴിയും. ജ്യോതിശാസ്ത്ര ഫോട്ടോഗ്രാഫി പ്രേമികള്‍ക്ക് ഇതൊരു അപൂർവ അവസരമായിരിക്കുമെന്നും കാസിം ബുസൈദി പറഞ്ഞു.
Content Highlights: Geminid meteor shower to light up Oman's skies this weekend