ആധാര്‍ കാര്‍ഡുളള വിദേശികളെ വോട്ടുചെയ്യാന്‍ അനുവദിക്കാമോ?: എസ്ഐആറിനെക്കുറിച്ചുളള ഹര്‍ജിയില്‍ സുപ്രീം കോടതി

എസ്ഐആര്‍ പ്രക്രിയ സാധാരണക്കാരായ വോട്ടര്‍മാരുടെ മേല്‍ ഭരണഘടനാവിരുദ്ധമായ ഭാരം അടിച്ചേല്‍പ്പിക്കുയാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു

ആധാര്‍ കാര്‍ഡുളള വിദേശികളെ വോട്ടുചെയ്യാന്‍ അനുവദിക്കാമോ?: എസ്ഐആറിനെക്കുറിച്ചുളള ഹര്‍ജിയില്‍ സുപ്രീം കോടതി
dot image

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണം നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ചോദ്യംചെയ്തുളള ഹര്‍ജികളില്‍ സുപ്രീം കോടതി അന്തിമ വാദം കേള്‍ക്കല്‍ ആരംഭിച്ചു. ആധാറിനെ പൗരത്വത്തിന്റെ ചോദ്യം ചെയ്യാനാകാത്ത വിധം പ്രധാനപ്പെട്ട തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഫോം 6-ലെ എന്‍ട്രികളുടെ കൃത്യത നിര്‍ണയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ആധാറിന്റെ ഉദ്ദേശം പരിമിതമാണെന്നും ജസ്റ്റിസുമാര്‍ പറഞ്ഞു. 'ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുളള ഒരു നിയമനിര്‍മാണം മാത്രമാണ് ആധാര്‍. റേഷന്‍ നല്‍കാനായി ആധാര്‍ അനുവദിച്ചു എന്നത് കൊണ്ട് മാത്രം ഒരാളെ വോട്ടറാക്കണോ? അയല്‍രാജ്യത്തുനിന്നുളള തൊഴിലാളിയായ ഒരാള്‍ക്ക് ഇവിടെ വോട്ടുചെയ്യാന്‍ അനുവാദമുണ്ടോ?'ചീഫ് ജസ്റ്റിസ് ചോദിച്ചു.

എസ്ഐആര്‍ പ്രക്രിയ സാധാരണക്കാരായ വോട്ടര്‍മാരുടെ മേല്‍ ഭരണഘടനാവിരുദ്ധമായ ഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നും അവരില്‍ പലരും രേഖകള്‍ തയ്യാറാക്കുന്നതില്‍ ബുദ്ധിമുട്ടുകയും അത് വഴി വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുളള സാധ്യത നേരിടുകയാണെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. എസ്ഐആര്‍ രാജ്യത്തെ ജനാധിപത്യത്തെ ബാധിക്കുന്നതാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

Content Highlights: Can foreigners with Aadhaar cards be allowed to vote?: Supreme Court on petition regarding SIR

dot image
To advertise here,contact us
dot image