'തോൽവിയിൽ നിരാശയുണ്ട്, ഇന്ത്യൻ ടീം തിരിച്ചുവരും'; പ്രതികരണവുമായി റിഷഭ് പന്ത്

'സ്വന്തം നാട്ടിലാണ് ഇന്ത്യൻ ടീം കളിച്ചത്. എന്നാൽ വ്യക്തമായ ഒരു പ്ലാൻ ഇന്ത്യൻ ടീമിനുണ്ടാകണം'

'തോൽവിയിൽ നിരാശയുണ്ട്, ഇന്ത്യൻ ടീം തിരിച്ചുവരും'; പ്രതികരണവുമായി റിഷഭ് പന്ത്
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ സമ്പൂർണ്ണ തോൽവി നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ റിഷഭ് പന്ത്. തോൽവിയിൽ നിരാശയുണ്ടെന്നും എങ്കിലും ഇന്ത്യൻ ടീം ശക്തമായി തിരിച്ചുവരുമെന്നും റിഷഭ് പന്ത് മത്സരശേഷം പ്രതികരിച്ചു.

'ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ തീർച്ചയായും തോൽവി നിരാശാജനകമാണ്. ഒരു ടീം എന്ന നിലയിൽ ഇന്ത്യ മെച്ചപ്പെടേണ്ടതുണ്ട്. ഇന്ത്യയേക്കാൾ മികച്ച ക്രിക്കറ്റാണ് ദക്ഷിണാഫ്രിക്ക കളിച്ചത്. അതിന് അവർ അഭിനന്ദനം അർഹിക്കുന്നു. പരമ്പരയിൽ ഇന്ത്യയ്ക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. സ്വന്തം നാട്ടിലാണ് ഇന്ത്യൻ ടീം കളിച്ചത്. എന്നാൽ വ്യക്തമായ ഒരു പ്ലാൻ ഇന്ത്യൻ ടീമിനുണ്ടാകണം. ഭാവിയിൽ, ഇന്ത്യൻ ടീം കൂടുതൽ മെച്ചപ്പെടും,' പന്ത് പ്രതികരിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ട് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയാണ് ടോസ് വിജയിച്ച് ആദ്യം ബാറ്റ് ചെയ്തത്. സെനുരാൻ മുത്തുസാമിയുടെ 109 റൺസിന്റെയും മാർകോ ജാൻസന്റെ 93 റൺസിന്റെയും മികവിൽ‌ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 489 റൺസെടുത്തു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി.

ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ മറുപടി 201 റൺസിൽ അവസാനിച്ചു. 58 റൺസെടുത്ത യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്കായി മാർകോ ജാൻസൻ ആറ് വിക്കറ്റുകളെടുത്തു. 288 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിട്ടും ഇന്ത്യയെ ഫോളോ ഓണിന് അയക്കാൻ ദക്ഷിണാഫ്രിക്ക തയ്യാറായില്ല.

രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 260 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. 94 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സ് ടോപ് സ്കോററായി. 509 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 140 റൺസിൽ എല്ലാവരും പുറത്തായി. 54 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്കായി സൈമൺ ഹാർമർ ആറ് വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ 30 റൺസിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു.

Content Highlights: Little disappointing, Rishabh Pant after South Africa humble India

dot image
To advertise here,contact us
dot image