

മീററ്റ്: ഉത്തർപ്രദേശിൽ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന് വീപ്പയിൽ ഒളിപ്പിച്ച മുസ്‌കാൻ എന്ന യുവതി കഴിഞ്ഞ ദിവസം ജന്മം നൽകിയ പെൺകുഞ്ഞിന് രാധയെന്ന് പേരിട്ടു. ഇവർ പ്രസവിച്ച വിവരം പൊലീസ് കുടുംബത്തെ അറിയിച്ചെങ്കിലും ആരും സന്ദർശിക്കാനെത്തിയിരുന്നില്ല. യുവതിയുടെ ഭർത്താവിന്റെ വീട്ടുകാർ കുഞ്ഞിന്റെ DNA ടെസ്റ്റ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. മീററ്റിലെ ലാലാ ലജ്പത് റായി മെമ്മോറിയൽ ആശുപത്രിയിൽ നവംബർ 24നാണ് കുഞ്ഞ് ജനിച്ചത്. കൊല്ലപ്പെട്ട സൗരഭ് രജ്പുത്തിന്റെ ജന്മദിനത്തിലാണ് കുഞ്ഞ് ജനിച്ചത്.
ബുധനാഴ്ച യുവതിയെ ആശുപത്രിയിൽ നിന്നും മീററ്റിലെ ജയിലിലേക്ക് മടക്കി അയച്ചിരുന്നു. ആറുമാസം വരെ കുഞ്ഞിനെ അമ്മയ്‌ക്കൊപ്പമാകും താമസിപ്പിക്കുക. ജയിലിൽ നിന്നും വസ്ത്രവും മെഡിക്കൽ സംരക്ഷണവും ഉൾപ്പെടെ കുഞ്ഞിന് ലഭ്യമാക്കുമെന്ന് ജയിൽ സൂപ്രണ്ട് വിരേഷ് രാജ് ശർമ അറിയിച്ചിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട സൗരഭിന്റെ സഹോദരൻ രാഹുൽ ഡിഎൻഎ പരിശോധനയ്ക്ക് അനുമതി തേടിയിട്ടുണ്ട്. ഇതിനായി കോടതിയിൽ ഹർജി നൽകും. മുസ്‌കാന്റെ രണ്ടു പെൺമക്കളുടെയും ഡിഎൻഎ പരിശോധന നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
സൗരഭിന്റെ കുട്ടികളാണെന്ന് ബോധ്യപ്പെട്ടാൽ രണ്ടു കുട്ടികളെയും തങ്ങളുടെ കുടുംബം പോറ്റുമെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. ഇല്ലെങ്കിൽ മുസ്‌കാനുമായോ അവരുടെ മക്കളുമായോ ഒരു ബന്ധമുണ്ടാകില്ലെന്നും അയാൾ വ്യക്തമാക്കി. സൗരഭിന്റെ അമ്മയും ഡിഎൻഎ പരിശോധന ഫലം വന്നാലേ കുഞ്ഞിനെ സ്വീകരിക്കു എന്ന് പറഞ്ഞിട്ടുണ്ട്. സൗരഭിന്റെ പിറന്നാളിന് തന്നെ പ്രസവം നടത്തിയത് മുസ്‌കാന്റെ അടവാണെന്ന തരത്തിൽ ചില വാദങ്ങൾ ഉയർന്നിരുന്നു. ഇത് പൊലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. ജനിക്കാൻ പോകുന്നത് ആൺകുഞ്ഞാണെങ്കിൽ കൃഷ്ണ എന്ന് പേരിടാനാണ് മുസ്‌കാൻ തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു.
മൂത്ത മകളുടെ ജന്മദിനം ആഘോഷിക്കാൻ ലണ്ടനിൽ നിന്നും നാട്ടിലെത്തിയപ്പോഴാണ് ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് നൽകിയ ശേഷം ഭർത്താവ് സൗരഭിനെ മുസ്‌കാനും കാമുകനും ചേർന്ന് മൂർച്ചയേറിയ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. പിന്നാലെ തലയും കൈകളും വെട്ടിമാറ്റി, മറ്റ് ശരീരഭാഗങ്ങൾ ഉൾപ്പെടെ നീല നിറത്തിലുള്ള വീപ്പയിലാക്കി കോൺക്രീറ്റ് ചെയ്തു. ഭർത്താവിനെ കൊന്നെന്ന് സ്വന്തം വീട്ടുകാരെ അറിയിച്ച ശേഷം ഹിമാചലിലേക്ക് കടന്ന മുസ്കാനെയും കാമുകനെയും മാർച്ച് 18നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Content Highlights: UP Blue drum Murder case accused her newborn Radha, in - laws seeks DNA test