സഞ്ജുവും രോഹനും അടിച്ചെടുത്തത് ചരിത്രം, SMAT ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്

ടൂർണമെന്റിൽ വിജയത്തോടെ തുടങ്ങാനും കേരളത്തിന് സാധിച്ചു

സഞ്ജുവും രോഹനും അടിച്ചെടുത്തത് ചരിത്രം, SMAT ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്
dot image

സയ്യിദ് മുഷ്താഖ് അലി ട്രോഫി (SMAT) ക്രിക്കറ്റ് ടൂർണമെന്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി കേരള താരങ്ങളായ സഞ്ജു സാംസണും രോഹൻ കുന്നുന്മലും. സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോർഡാണ് സഞ്ജുവും രോഹനും ചേർന്ന് എഴുതിച്ചേർത്തത്. 177 റൺസാണ് രോഹൻ കുന്നുന്മലും കേരള ക്യാപ്റ്റൻ സഞ്ജു സാംസണും ചേർന്ന പിരിയാത്ത ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ അടിച്ചെടുത്തത്.

ടൂർണമെന്റിൽ വിജയത്തോടെ തുടങ്ങാനും കേരളത്തിന് സാധിച്ചു. ആദ്യ മത്സരത്തിൽ ഒഡീഷയെ 10 വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. രോഹൻ കുന്നുന്മലിന്റെ സെഞ്ച്വറിയും ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അർദ്ധ സെഞ്ച്വറിയുമാണ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയമൊരുക്കിയത്.

മത്സരത്തിൽ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 53 റൺസെടുത്ത ക്യാപ്റ്റൻ ബിപ്ലാബ് സാമന്ത്രെയാണ് ഒഡീഷ നിരയിലെ ടോപ് സ്കോറർ. സംബിത് കുമാർ 40 റൺസും ​ഗൗരവ് ചൗധരി 29 റൺസും നേടി. കേരള ബൗളിങ് നിരയിൽ എം ഡി നിതീഷ് നാല് വിക്കറ്റുകൾ വീഴ്ത്തി. കെ എം ആസിഫ് രണ്ട് വിക്കറ്റും സ്വന്തമാക്കി. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ഒഡീഷ നേടിയത്.

മറുപടി ബാറ്റിങ്ങിൽ കേരളത്തിനായി രോഹൻ കുന്നുന്മലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. മറുവശത്ത് ക്യാപ്റ്റൻ സഞ്ജു സാംസൺ രോഹന് മികച്ച പിന്തുണ നൽകി. 60 പന്തിൽ 10 ഫോറും 10 സിക്സറും സഹിതം 121 റൺസുമായി രോഹൻ കുന്നുന്മൽ പുറത്താകാതെ നിന്നു. 41 പന്തിൽ ആറ് ഫോറും ഒരു സിക്സറും സഹിതം 51 റൺസായി സഞ്ജുവും തന്റെ വിക്കറ്റ് നഷ്ടമാക്കിയില്ല. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 16.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാത 177 റൺസിലെത്തിയതോടെ മത്സരം കേരളം വിജയിച്ചു.

Content Highlights: Rohan and Sanju's 177-run partnership is the highest ever first wicket stand in SMAT

dot image
To advertise here,contact us
dot image