കോവിഡ് കാലത്ത് നടപ്പാക്കിയ ഐഡിയ; നിരോധിച്ച കഫ്‌സിറപ്പ് കടത്തിൽ സംഘത്തലവനെ കണ്ടെത്തി യുപി പൊലീസ്

ഹിമാചൽ പ്രദേശിലെ ഫാക്ടറിയിൽ നിന്നാണ് മരുന്നിന്‍റെ സപ്ലൈ ആരംഭിക്കുന്നത്

കോവിഡ് കാലത്ത് നടപ്പാക്കിയ ഐഡിയ; നിരോധിച്ച കഫ്‌സിറപ്പ് കടത്തിൽ സംഘത്തലവനെ കണ്ടെത്തി യുപി പൊലീസ്
dot image

ലക്‌നൗ: മാരകമായ കോഡിൻ കഫ്‌സിറപ്പ് കടത്ത് നടത്തുന്ന സംഘത്തിന്റെ തലവൻ ആരെന്ന് കണ്ടെത്തി ഉത്തർപ്രദേശ് പൊലീസ്. വാരാണസി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫാർമസൂട്ടിക്കൽ ഡീലർ ശുഭം ജെയ്‌സ്വാൾ, ഇയാളുടെ പിതാവ് ഭോല പ്രസാദ് എന്നിവരാണ് നിരോധിച്ച കഫ്‌സിറപ്പിന്റെ വിതരണത്തിന് പിന്നിലെന്നാണ് പൊലീസ് മനസിലാക്കിയിരിക്കുന്നത്. വ്യാജ കമ്പനികളുടെ ശൃംഖലയിലൂടെ അതിർത്തി കടന്നും ഇയാൾ പ്രവർത്തിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. കോഡിൻ അടങ്ങിയ കഫ് സിറപ്പുകൾ ഗാസിയാബാദിലും വാരണാസിയിലുമുള്ള വെയർഹൗസിൽ നിന്നും ജാർഖണ്ഡ്, പശ്ചിമബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും നേപ്പാളിലും വിതരണം നടത്തി വരികയായിരുന്നു. ഗാസിയാബാദിലും വാരണാസിയിലും നിരവധി എഫ്‌ഐആറുകളാണ് ജെയ്‌സ്വാളിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ ഒളിവിലായ പ്രതിയെ കണ്ടെത്താൻ യുപി പൊലീസിന്റെ ആന്റി നാർക്കോട്ടിക്ക്‌സ് ടാസ്‌ക് ഫോഴ്‌സ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

വിഷാംശമുള്ള കഫ്‌സിറപ്പ് കഴിച്ച് മധ്യപ്രദേശിൽ 24 കുട്ടികൾ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് യുപിയിൽ പരിശോധന ശക്തമാക്കിയത്. ഇക്കഴിഞ്ഞ ഒക്ടോബർ 18ന് സോൻഭദ്രയിൽ നടന്ന പരിശോധനയിൽ കോഡിൽ അടങ്ങിയ 12,000 ബോട്ടിൽ കഫ് സിറപ്പാണ് കണ്ടെത്തിയത്. പലഹാര പാക്കിങ് എന്നതിന്റെ മറവിലായിരുന്നു ഇത് കടത്തിയിരുന്നത്. ട്രക്ക് ഡ്രൈവർമാരെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസ് ജെയ്‌സ്വാളിലേക്ക് എത്തിയത്. വ്യാജ രേഖകൾ ചമച്ച് ഇല്ലാത്ത കമ്പനികളുടെ പേരിലാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. ഈ കമ്പനികൾക്ക് നൽകിയിരുന്ന കോൺടാക്ട് നമ്പറുകളും വിലാസവുമെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ ബില്ലിങിനും വിതരണത്തിനും ജെയ്‌സ്വാളിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഷൈലി ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പേരും ജെയ്‌സ്വാൾ ഉപയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഇത്തരത്തിൽ ആറു കമ്പനികൾ പേപ്പറുകളിൽ മാത്രമാണ് നിലിനിന്നിരുന്നതെന്ന് പൊലീസിന് വ്യക്തമായി.

ഹിമാചൽ പ്രദേശിലെ ഫാക്ടറിയിൽ നിന്നാണ് സപ്ലൈ ആരംഭിക്കുന്നത്. ഇവിടെ നിന്നും ഗാസിയാബാദിലെ വെയർഹൗസിലെത്തിക്കുന്ന മരുന്നുകൾ ആഗ്ര, ലക്‌നൗ, വാരണാസിയിലൂടെ ജാർഖണ്ഡിലും മറ്റിടങ്ങളിലേക്കും ഷിപ്പ്‌മെന്റ് നടത്തും. കോവിഡ് 19 മഹാമാരിക്ക് മുമ്പ് ജെയ്‌സ്വാൾ മൈനർ മെഡിക്കൽ സപ്ലൈയറായിരുന്നു. ഈ സമയത്ത് പാശ്ചാത്യ രാജ്യങ്ങളിൽ നിയന്ത്രിത മരുന്നുകൾക്കുള്ള ആവശ്യകത കൂടിയത് മനസിലാക്കിയാണ് ഇയാൾ ബിഹാറിൽ കോഡിൻ ചേർത്ത സിറപ്പ് സപ്ലൈ ചെയ്യാൻ തുടങ്ങിയത്.

ലാഭം വന്നു തുടങ്ങിയപ്പോൾ ഇയാൾ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. പാർട്ണർമാരെയും സംഘടിപ്പിച്ചതിന് ശേഷം വ്യാജ കമ്പനികളുടെ പേരിൽ വിതരണവും ആരംഭിച്ചു. ഇയാളുടെ പിതാവിന്റെ പേരിലുള്ള കമ്പനിയുടെ മറവിലാണ് ഹിമാചൽ പ്രദേശിലെ ഫാക്ടറിയിൽ നിന്നും മരുന്നു വാങ്ങിയത്. ജെയ്സ്വാളിന് വാരണാസിയിൽ സ്വന്തമായി ന്യൂ വൃദ്ധി ഫാർമ എന്ന പേരിൽ മെഡിക്കൽ സ്റ്റോറുമുണ്ട്. ഇതിനെ മുൻനിർത്തിയാണ് മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ട് ഇയാൾ മരുന്ന് കടത്തിയത്. ജെയ്‌സ്വാളും ഇയാളുടെ സഹായി ആസിഫും ദുബായിലേക്ക് കടന്നതായാണ് വിവരം. കേസിൽ പ്രമുഖരായ പലരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
Content Highlights: UP Police discovered kingpin behind deadly Codeine medicine

dot image
To advertise here,contact us
dot image