കീമോയും റേഡിയേഷനുംകൊണ്ട് ഭേദമാക്കാമായിരുന്നു,ഓപ്പറേഷന്‍ വേണ്ടെന്ന് പറഞ്ഞിട്ടും കേട്ടില്ല; മകന്റെ ഓർമയിൽ രാഘവന്

'തൊണ്ട മുഴുവൻ മുറിച്ച് കളഞ്ഞിട്ട് ആഹാരം മറ്റൊരു രീതിയിൽ കൊടുക്കുന്ന ഏർപ്പാട് ചെയ്യേണ്ട കാര്യം എന്തായിരുന്നു. മരിച്ചാൽ പോരെ. എന്തിനാണ് അങ്ങനൊരു ജീവിതം'

കീമോയും റേഡിയേഷനുംകൊണ്ട് ഭേദമാക്കാമായിരുന്നു,ഓപ്പറേഷന്‍ വേണ്ടെന്ന് പറഞ്ഞിട്ടും കേട്ടില്ല; മകന്റെ ഓർമയിൽ രാഘവന്
dot image

മലയാളികളുടെ മനസ്സില്‍ ഇന്നും ഒരു നൊമ്പരമായി നിൽക്കുന്ന മുഖമാണ് നടൻ ജിഷ്ണുവിന്റേത്. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് 2002 ല്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. നിരവധി സിനിമകളിൽ നടനായും വില്ലനായും എല്ലാം നടൻ തിളങ്ങി നിന്ന സമയത്തതാണ് കാൻസർ പിടികൂടുന്നത്. 2016 ല്‍ കാൻസറിനോട് പൊരുതി ജിഷ്ണു വിട വാങ്ങുമ്പോൾ മുപ്പത്തിയഞ്ച് വയസ് മാത്രമായിരുന്നു പ്രായം. ഇപ്പോഴിതാ മകന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ രാഘവൻ.

കീമോയും റേഡിയേഷനും കൊണ്ട് ഭേദമാക്കാമായിരുന്ന രോഗത്തിന് ഓപ്പറേഷൻ ചെയ്തത് കൊണ്ടാണ് പെട്ടന്നുള്ള വിയോഗമെന്ന് രാഘവൻ പറഞ്ഞു. തൊണ്ട മുഴുവൻ മുറിച്ച് കളഞ്ഞിട്ട് ആഹാരം മറ്റൊരു രീതിയിൽ കൊടുക്കുന്ന ഏർപ്പാട് ചെയ്യേണ്ട കാര്യം ഉണ്ടായിരുന്നില്ലെന്നും മരിച്ചാൽ പോരെയെന്നും അദ്ദേഹം പറഞ്ഞു. മകനെ ഓർക്കുന്ന രീതിയിൽ വീട്ടിൽ ഒന്നും സൂക്ഷിച്ചിട്ടില്ലെന്നും രാഘവൻ കൂട്ടിച്ചേർത്തു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'അത് അങ്ങനെയാണ് വരണ്ടേത്… അത്രയേയുള്ളു വിട്ടു. ഞാൻ ഒരു കാര്യത്തെ കുറിച്ച് ഓർത്തും വിഷമിക്കില്ല. കാരണം നടക്കേണ്ടത് നടക്കും. ജിഷ്ണുവിന്റെ രോ​ഗ വിവരം അറിഞ്ഞപ്പോൾ ഒരു ഷോക്കായിരുന്നു. പിന്നെ കാലം എല്ലാം മാറ്റുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അവന്റെ അസുഖം മാറുമെന്ന് കരുതി. അവൻ തന്നെയാണ് കാരണം. അവൻ അതിന് നിന്നില്ല. അതാണ് പറ്റിയത്. അവൻ ആരുടെയൊക്കയോ വാക്ക് കേട്ട് ബാം​ഗ്ലൂർ വെച്ച് ഓപ്പറേഷൻ ചെയ്തു.

Actor Jishnu

ഓപ്പറേഷൻ ചെയ്തതാണ് പറ്റിയത്. അത് കാരണമായി നമ്മൾ കണക്കാക്കേണ്ടതില്ല. അതാണ് വിധി. തൊണ്ട മുഴുവൻ മുറിച്ച് കളഞ്ഞിട്ട് ആഹാരം മറ്റൊരു രീതിയിൽ കൊടുക്കുന്ന ഏർപ്പാട് ചെയ്യേണ്ട കാര്യം എന്തായിരുന്നു. മരിച്ചാൽ പോരെ. എന്തിനാണ് അങ്ങനൊരു ജീവിതം. അവൻ സ്വയം ചെയ്തതാണ്. ഓപ്പറേഷന് പോകരുതെന്ന് നിർബന്ധിച്ചാണ്. പക്ഷെ അവനും ഭാര്യയും കൂടെ പോയി ഓപ്പറേഷൻ കഴിച്ചു. അത് അവരുടെ ഇഷ്ടം. പക്ഷെ അതോടെ കാര്യം കഴിഞ്ഞു, ഞങ്ങൾ അനുഭവിച്ചു.

Actor Jishnu

രോഗം മൂർഛിച്ചിരുന്നു. കീമോയും റേഡിയേഷനും കൊണ്ട് ഭേദമാക്കാമായിരുന്നു. ലേക് ഷോറിലെ ഡോക്ടർ പറഞ്ഞിരുന്നു കീമോയും ഇടയ്ക്ക് റേഡ‍ിയേഷനും ചെയ്ത് നമുക്ക് അസുഖം ഭേ​ദമാക്കാമെന്ന്. അത് കേട്ടില്ല. കേൾക്കാതെ പോയി ഓപ്പറേഷൻ ചെയ്തു. അതാണ് വിധി. അവന്റെ ആയുസ് എനിക്ക് തന്നു. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ആ വിശ്വാസത്തിലാണ് ഞാൻ. അവനെ ഓർക്കത്തക്ക രീതിയിൽ വീട്ടിൽ ഒന്നും വെച്ചിട്ടില്ല. ഞാനും അവന്റെ അമ്മയും… ഞങ്ങൾ അവനെ ഓർക്കാറേയില്ല. ഓർക്കണ്ടാന്ന് കരുതി. ഇപ്പോൾ അതിൽ ദുഖമില്ല. അതെല്ലാം കഴിഞ്ഞു. ഒരു ഫോട്ടോപോലും കാണാത്തക്ക രീതിയിൽ വെച്ചിട്ടില്ല. എല്ലാം മറച്ച് വെച്ചിരിക്കുകയാണ്,' രാഘവൻ പറഞ്ഞു.

Content Highlights:  Raghavan shares memories of actor Jishnu

dot image
To advertise here,contact us
dot image