

ന്യൂഡൽഹി: ഡല്‍ഹിയില്‍ ആറ് വയസ്സുകാരന് നേരെ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയുടെ ആക്രമണം. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. ഡല്‍ഹിയിലെ പ്രേംനഗറിലാണ് സംഭവം. സംഭവത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇന്നലെ വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്.
കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ വളര്‍ത്തുനായ ആക്രമിക്കുകയായിരുന്നു. നായയെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ നേരെ നായ ചാടിവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. നായയുടെ കൂടെയുണ്ടായിരുന്ന യുവതി കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ സമീപത്തുണ്ടായിരുന്ന ഒരാള്‍ കുട്ടിയെ കാലില്‍പിടിച്ച് വലിച്ച് നായയയുടെ കൈയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ഇതിനകം കുട്ടിയുടെ ചെവി നായ കടിച്ചെടുത്തിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാതാപിതാക്കള്‍ രോഹിണിയിലെ ബിഎസ്എ ആശുപത്രിയില്‍ എത്തിച്ചു.കുട്ടിയുടെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത പൊലീസ് നായയുടെ ഉടമയായ രാജേഷ് പാലിനെ അറസ്റ്റ് ചെയ്തു. കൊലപാതകശ്രമക്കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന രാജേഷ് പാലിന്റെ മകൻ സച്ചിൻ പാൽ ഒന്നര വർഷം മുമ്പാണ് പിറ്റ്ബുള്ളിനെ വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
Content Highlight : Delhi Boy Loses Ear In Shocking Pitbull Attack, Dog Owner Arrested