ആർഎസ്എസ് ഇടപെടൽ; ആനന്ദ് കെ തമ്പിയുടെ വീട്ടിലെത്തി രാജീവ് ചന്ദ്രശേഖർ

ആനന്ദിനെ ബിജെപി തള്ളിപ്പറഞ്ഞതിൽ വിവാദം പുകയുന്നതിനിടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ സന്ദർശനം

ആർഎസ്എസ് ഇടപെടൽ; ആനന്ദ് കെ തമ്പിയുടെ വീട്ടിലെത്തി രാജീവ് ചന്ദ്രശേഖർ
dot image

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പിയുടെ വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആനന്ദിനെ ബിജെപി തള്ളിപ്പറഞ്ഞതിൽ വിവാദം പുകയുന്നതിനിടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ സന്ദർശനം. ആനന്ദിന്റെ ബന്ധുക്കളുമായി രാജീവ് ചന്ദ്രശേഖർ സംസാരിച്ചു. സംഘടന എപ്പോഴും കൂടെയുണ്ടാകുമെന്ന് ആനന്ദിന്റെ ബന്ധുക്കളോട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ആർഎസ്എസ് നിർബന്ധത്തിന് വഴങ്ങിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ സന്ദർശനമെന്നാണ് സൂചന. ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ, സംസ്ഥാന നേതാവ് സി ശിവൻകുട്ടി എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ആനന്ദിനെ തള്ളിപ്പറഞ്ഞ ബിജെപി നിലപാടിൽ ആർഎസ്എസ് കടുത്ത അതൃപ്തിയിലായിരുന്നു. ആനന്ദ് ബിജെപി പ്രവർത്തകനല്ലെന്ന് പറഞ്ഞ സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിനെതിരെ ആർഎസ്എസ് മണ്ഡൽ കാര്യവാഹക് അഖിൽ മനോഹർ പരസ്യമായി രംഗത്തെത്തിയിരുന്നു. ഒറ്റവാക്കിൽ തള്ളിപ്പറഞ്ഞപ്പോൾ മുറിവേറ്റത് സാധാരണ പ്രവർത്തകർക്കാണെന്നായിരുന്നു അഖിൽ പറഞ്ഞത്. ഇതിന് പിന്നാലെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എസ് സുരേഷ് രംഗത്തെത്തി.

തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ആനന്ദ് കെ തമ്പി ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം കോർപറേഷനിലേക്ക് തൃക്കണ്ണാപുരം വാർഡിൽ ഇത്തവണ പാർട്ടി സ്ഥാനാർത്ഥിയാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങിയ ആനന്ദ് മനംനൊന്താണ് ആത്മഹത്യ ചെയ്തത്.

Content Highlights: rajeev chandrasekhar visited Anand k thampi's house

dot image
To advertise here,contact us
dot image