

ന്യൂഡൽഹി: 12000 വർഷമായി നിർജീവമായിരുന്ന എത്യോപ്യയിലെ ഹെയ്‌ലി ഗബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചതിന് പിന്നാലെ പുകമേഘങ്ങൾ ഇന്ത്യയിൽ. തലസ്ഥാനത്ത് പൊടിപടലം രൂക്ഷമായതോടെ വിമാനസർവീസുകള്‍ അവതാളത്തിലായിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പുകപടലം ഡല്‍ഹിയിലെത്തിയത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചെങ്കടലും കടന്ന് പുക ആദ്യം പടിഞ്ഞാറന്‍ രാജസ്ഥാനിലെത്തിയത്. ജോധ്പൂര്‍ - ജെയ്‌സാല്‍മീര്‍ പ്രദേശത്ത് നിന്നും മണിക്കൂറില്‍ 120- 130 കിലോമീറ്റര്‍ വേഗതയിലാണ് വടക്കുകിഴക്കന്‍ പ്രദേശത്തേക്ക് സഞ്ചരിക്കുന്നത്.
ജനവാസമില്ലാത്ത മേഖലയിലുള്ള അഗ്നിപർവതമായതിനാൽ ആൾനാശമില്ല. എന്നാൽ അഗ്നിപർവതത്തിന്റെ പുകയും കരിയും കിലോമീറ്ററുകളോളം ഉയരത്തിലും ദൂരത്തിലും പരക്കുന്നതിനാൽ വിമാനസർവീസുകളെല്ലാം അവതാളത്തിലായിരിക്കുകയാണ്. എത്യോപ്യൻ വ്യോമമേഖലയെയും ഏഷ്യയിലെ വ്യോമഗതാഗതത്തെയും ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വിമാനയാത്രയില്‍ കാഴ്ചയെ ബാധിക്കുമെന്നതിന് പുറമേ, ഈ പുകപടലങ്ങൾ ചൂടായ വിമാനഎൻജിനുകളുമായി സമ്പർക്കത്തിലായാൽ എൻഞ്ചിൻ തകരാറുവരെ ഉണ്ടാകാനിടയാക്കുമെന്നാണ് മുന്നറിയിപ്പ്.
ആശങ്ക ഉയർന്ന സാഹചര്യത്തില്‍ ഇൻഡിഗോ, എയർ ഇന്ത്യ, അകാശാ എയർ എന്നീ വിമാനക്കമ്പനികൾ യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണന എന്ന് പ്രതികരിച്ചിട്ടുണ്ട്. അഗ്നിപർവ സ്‌ഫോടനത്തിന് പിന്നാലെ ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തേക്കാണ് പുകപടലം നീങ്ങുന്നത്. പടിഞ്ഞാറൻ ഏഷ്യയിലെ പല ഭാഗങ്ങളും ഈ പുകപടലം മൂലം ബുദ്ധിമുട്ടിലായ സാഹചര്യമാണ്. ഇത് അന്താരാഷ്ട്ര വിമാനപാതയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. അതേസമയം ഡൽഹിയിൽ നിന്നും പുറപ്പെടേണ്ട രണ്ട് അന്താരാഷ്ട്ര വിമാനസർവീസുകൾ താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അഗ്നിപർവതം പൊട്ടിയത്. തുടർന്ന് പുകപടലത്തിന്‍റെ വലിയൊരു ഭാഗം ഇന്ത്യയിലേക്കാണ് നീങ്ങിയത്. അപ്രതീക്ഷിതമായ ഉണ്ടായ പൊട്ടിത്തെറിയിൽ പുക മേഘങ്ങൾ ചെങ്കടൽ കടന്ന് ഒമാനിലും യമനിലേക്കുമാണ് നീങ്ങിയത് ഇതിന് പിന്നാലെയാണ് കിഴക്കൻ പ്രദേശങ്ങളിലേക്ക് തിരിഞ്ഞത്.
അഗ്നിപർവത സ്‌ഫോടനത്തെ തുടർന്ന് തങ്ങളുടെ സംഘം സാഹചര്യം വിശകലനം ചെയ്യുകയാണെന്നും അന്താരാഷ്ട്ര വിമാനകമ്പനികളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കിയിട്ടുണ്ട്. ഇൻഡിഗോയുടെ 6E ടീമുകൾ യാത്രക്കാർക്ക് സഹായവുമായി ഉണ്ടാകുമെന്നും ഇൻഡിഗോ വ്യക്തമാക്കിയിട്ടുണ്ട്. അപ്പ്‌ഡേറ്റുകൾ കൃത്യമായി നൽകുമെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. എത്യോപ്യയിലെ അഗ്നിപർവത സ്‌ഫോടനം ഇതുവരെ എയർഇന്ത്യ വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്. ചിലയിടങ്ങളിൽ പുകപടലങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനാൽ കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിമാനകമ്പനി അറിയിച്ചിട്ടുണ്ട്. ആകാശാ എയറും കാര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും അന്താരാഷ്ട്ര എവിയേഷൻ അഡൈ്വസറിയുമായി ചേർന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
അഗ്നിപർവതം സ്‌ഫോടനത്തിന് പിന്നാലെ അറേബ്യൻ പെനിൻസുലയിലേക്ക് പൊടിപടലങ്ങളും നീങ്ങിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലേക്ക് യാത്ര ചെയ്യുന്നവർക്ക് എയർലൈനുകൾ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
Content highlights: Ethiopian Volcano ash move towards India