

പട്ന: ബിഹാർ സർക്കാരിൻ്റെ ജലവിഭവ വകുപ്പിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട അഡോൾഫ് ഹിറ്റ്ലറെയും ബെനിറ്റോ മുസ്സോളിനിയെയും പ്രകീർത്തിക്കുന്ന പോസ്റ്റ് വിവാദത്തിൽ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് പോസ്റ്റ് ചെയ്തതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് വൈറലായത്. ഇതിനെ തുടർന്ന് ഒമ്പത് മാസത്തോളം ജലവിഭവ വകുപ്പിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിൽ ഉണ്ടായിരുന്ന ഈ പോസ്റ്റ് തിങ്കളാഴ്ച നീക്കം ചെയ്തു.
ഇറ്റലിയിലെ ഫാസിസ്റ്റ് ഏകാധിപതിയായിരുന്ന മുസ്സോളിനിയുടെയും ജർമ്മൻ ഫാസിസ്റ്റ് സ്വേച്ഛാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെയും ചിത്രങ്ങൾ പങ്കുവെയ്ക്കുന്ന പോസ്റ്റിൽ "ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള രണ്ട് രാഷ്ട്രീയക്കാർ ഒരുമിച്ച് നിൽക്കുന്നു, അവരുടെ പ്രത്യയശാസ്ത്രം മികച്ചതായിരുന്നു എന്നും കുറിച്ചിരുന്നു.
എന്നാൽ ജലവിഭവ വകുപ്പിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഹാക്കിംഗിന് ശേഷം സൈബർ കുറ്റവാളികൾ അക്കൗണ്ടിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയും അതിന്റെ പേരും ഉപയോക്തൃനാമവും പലതവണ മാറ്റുകയും ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റുകൾ ഒമ്പത് മാസത്തോളം ലൈവായി നിലനിർത്തിയതെന്തിനാണ് എന്ന ചോദ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഈ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട അവസാന പോസ്റ്റാണിത്. ഫെബ്രുവരി 15നാണ് ഈ പോസ്റ്റ് ഇട്ടത്.
ഹാൻഡിൽ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടും പേജ് അഡ്മിൻ ലഹരിയുടെ സ്വാധീനത്തിലായിരിക്കാമെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. ഗാങ്‌സ് ഓഫ് വാസിപൂരിലെ ഫൈസൽ ഖാൻ എന്ന കഥാപാത്രം ഹുക്ക വലിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് പോസ്റ്റിംഗിന് മുമ്പ് അഡ്മിൻ എന്ന കുറിപ്പോടെയാണ് മറ്റൊരു ഉപയോക്താവ് ജലവിഭവ വകുപ്പിനെ പരിഹസിച്ചിരിക്കുന്നത്.
ഒമ്പത് മാസത്തിലേറെയായി ഒരു പ്രവർത്തനവും ഇല്ലാത്തതിനാൽ വകുപ്പിന്റെ പേജ് വളരെക്കാലം മുമ്പ് ഹാക്ക് ചെയ്യപ്പെട്ടിരിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പോർച്ചുഗൽ ടൂറിസത്തിന്റെ ചിത്രങ്ങൾ, താരിഫുകളെക്കുറിച്ചുള്ള ഡൊണാൾഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റുകൾ, മെലാനിയയുമായുള്ള അദ്ദേഹത്തിന്റെ 20-ാം വാർഷിക പോസ്റ്റിലെ വിവാഹ ഫോട്ടോ എന്നിവ ഈ അക്കൗണ്ട് റീട്വീറ്റ്
ചെയ്തിട്ടുണ്ട്.
Content Highlights: Hitler and Mussolini on Bihar Water Resources Department's social media page