തനിക്ക് ഏഴ്, മകൾക്ക് മൂന്ന് ലക്ഷം; പ്രതിമാസ ജീവനാംശം ഉയർത്തണമെന്ന് ഷമിയുടെ മുൻ ഭാര്യ, ഹർജിയിൽ നോട്ടീസ്

ഷമിയുടെ സമ്പാദ്യം നോക്കുമ്പോൾ നിലവിൽ തരുന്ന തുക അപര്യാപ്തമാണെന്ന് ഹസിൻ ജഹാൻ, നാല് ലക്ഷം വലിയ തുകയല്ലേയെന്ന് കോടതി

തനിക്ക് ഏഴ്, മകൾക്ക് മൂന്ന് ലക്ഷം; പ്രതിമാസ ജീവനാംശം ഉയർത്തണമെന്ന് ഷമിയുടെ മുൻ ഭാര്യ, ഹർജിയിൽ നോട്ടീസ്
dot image

ന്യൂഡൽഹി: പ്രതിമാസ ജീവനാംശ തുക ഉയർത്തണമെന്ന ക്രിക്കറ്റർ മുഹമ്മദ് ഷമിയുടെ മുൻ ഭാര്യയുടെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസയച്ചു. തനിക്കും മകൾ ഐറയ്ക്കും ചെലവിനായി കൊൽക്കത്ത ഹൈക്കോടതി അനുവദിച്ച തുക ഉയർത്തണമെന്നാവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിലാണ് മുഹമ്മദ് ഷമിക്കും പശ്ചിമ ബംഗാൾ സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചത്.

തനിക്ക് ഏഴ് ലക്ഷവും മകൾക്ക് മൂന്ന് ലക്ഷം രൂപയും ജീവനാംശം വേണമെന്നാണ് ഹസിൻ ജഹാന്റെ ആവശ്യം. പ്രതിമാസം നാലു ലക്ഷം രൂപ വീതം നൽകാനായിരുന്നു ഷമിക്ക് നേരത്തെ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതിൽ ഒന്നര ലക്ഷം രൂപ ഹസിൻ ജഹാനും രണ്ടര ലക്ഷം രൂപ മകൾക്കുവേണ്ടിയുമായിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ഹസിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചത്.

ഹസിൻ ജഹാന്റെ ഹർജിയിൽ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ശേഷം കേസ് വീണ്ടും പരിഗണിക്കും.

അതേസമയം, ഷമിയുടെ സമ്പാദ്യം കണക്കിലെടുക്കുമ്പോൾ നിലവിൽ തരുന്ന തുക അപര്യാപ്തമാണെന്നാണ് ഹസിൻ ജഹാൻ ഹർജിയിൽ ആരോപിക്കുന്നത്. എന്നാൽ വാദം കേൾക്കവെ മാസം നാല് ലക്ഷം എന്നത് വലിയ തുകയല്ലേ എന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ഷമിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടെന്നും ആഢംബര ജീവിതമാണ് അദ്ദേഹം നയിക്കുന്നതെന്നുമായിരുന്നു ഹസിൻ ജഹാന്റെ അഭിഭാഷകന്റെ വാദം.

2012ൽ പ്രണയത്തിലായി 2014ലാണ് ഹസിൻ ജഹാനെ ഷമി വിവാഹം കഴിക്കുന്നത്. വിവാഹത്തിന് നാലു വർഷത്തിന് ശേഷം ഇരുവരും ബന്ധം വേർപ്പെടുത്തി. ഹസിനൊപ്പമാണ് മകളായ ഐറ താമസം. ഹസിൻ ജഹാന് മുൻ വിവാഹത്തിൽ വേറെയും മക്കളുണ്ട്.

Content Highlights: Supreme Court issues notice on plea of ​​cricketer Mohammed Shami's ex-wife seeking increase in monthly alimony

dot image
To advertise here,contact us
dot image