'മോദി പ്രധാനമന്ത്രിയായത് വോട്ട് മോഷ്ടിച്ച്, ഇത് ജെൻ സികൾക്ക് മുന്നിൽ തുറന്നുകാണിക്കും'; രാഹുൽ ഗാന്ധി

വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനം പാലിക്കുകയാണെന്ന് രാഹുൽ ഗാന്ധി

'മോദി പ്രധാനമന്ത്രിയായത് വോട്ട് മോഷ്ടിച്ച്, ഇത് ജെൻ സികൾക്ക് മുന്നിൽ തുറന്നുകാണിക്കും'; രാഹുൽ ഗാന്ധി
dot image

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനങ്ങൾ ആവർത്തിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി പ്രധാനമന്ത്രിയായത് വോട്ട് കൊള്ളയിലൂടെയാണെന്നും ഇത് ജെൻ സികൾക്ക് മുന്നിൽ തുറന്നുകാണിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

'ഞങ്ങളുടെ കൈവശം ധാരാളം മെറ്റീരിയലുകളുണ്ട് (തെളിവുകളുണ്ട്). വോട്ട് മോഷണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ തുറന്നു കാണിക്കും. തെരഞ്ഞെടുപ്പ് കൊള്ള നടത്തിയും തെരഞ്ഞെടുപ്പ് പ്രക്രിയയെ അപ്പാടെ മോഷ്ടിച്ചും അട്ടിമറിച്ചുമാണ് മോദി പ്രധാനമന്ത്രിയായത്, ബിജെപി തെരഞ്ഞെടുപ്പിന്റെ മറവിൽ വോട്ടുകൾ മോഷ്ടിക്കുകയാണ്. ഇവയെല്ലാം ഇന്ത്യയിലെ ജെൻ സി യുവജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കും അതിൽ സംശയം വേണ്ട' രാഹുൽ ഗാന്ധി പറഞ്ഞു.

ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് തെളിവു സഹിതം ഇത്രയേറെ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചിട്ടില്ല. താൻ ഉന്നയിച്ച കാര്യങ്ങളൊന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിക്കുന്നില്ല. എന്നാൽ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ നിരന്തരം സംരക്ഷിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വ്യാജ വോട്ട്, വ്യാജ ഫോട്ടോ എന്നിവയെ ബിജെപി ന്യായീകരിക്കുകയും തെരഞ്ഞെടുപ്പ് കമ്മിഷനെ സംരക്ഷിക്കുകയുമാണ്. മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് കമ്മീഷനും ഭരണഘടനയെ ആക്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് എച്ച് ഫയൽസ് എന്ന പേരിൽ ഹരിയാനയിലെ വോട്ട് ക്രമക്കേട് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത്. ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് ഹരിയാനയിൽ 22 വോട്ടുകൾ ചെയ്തുവെന്നും ഒരേ ഫോട്ടോ വെച്ച് വ്യത്യസ്ത പേരിൽ പത്ത് ബൂത്തുകളിലായാണ് 22 വോട്ട് രേഖപ്പെടുത്തിയതെന്നും രാഹുൽ തെളിവ് സഹിതം വ്യക്തമാക്കിയിരുന്നു. ഹരിയാനയിൽ 25 ലക്ഷം വോട്ട് കൊള്ളയാണ് നടന്നതെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. എന്നാൽ രാഹുലിന്റെ ആരോപണം പുറത്തുവന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചിട്ടില്ല.

Content Highlights : Narendra Modi become PM by stealing election says Rahul Gandhi

dot image
To advertise here,contact us
dot image