

ബെംഗളൂരു: ബെംഗളൂരുവില്‍ വളര്‍ത്തുനായയെ വീട്ടുജോലിക്കാരി നിലത്തടിച്ച് കൊന്നു. ബാഗലുരുവിലാണ് സംഭവം. റാഷി പൂജാരി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗൂഫി എന്ന് പേരുള്ള നായയാണ് കൊല്ലപ്പെട്ടത്. നായ ചത്തതിൽ സംശയം തോന്നിയ ഉടമ, താമസിക്കുന്ന അപ്പാർട്ട്മെൻ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ക്രൂരത അറിയുന്നത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉടമ നൽകിയ പരാതിയിൽ വീട്ടുജോലിക്കാരി പുഷ്പലതയ്ക്ക് എതിരെ പൊലീസ് കേസെടുത്തു.
ഒക്ടോബര്‍ 31-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് നായ്ക്കളുമായി യുവതി ലിഫ്റ്റിൽ കയറുന്നതാണ് ദൃശ്യത്തിലുള്ളത്. ലിഫ്റ്റിൻ്റെ ഡോർ അടഞ്ഞതോടെ യുവതി നായ്ക്കളിൽ ഒരെണ്ണത്തെ നിലത്ത് അടിക്കുകയായിരുന്നു. ലിഫ്റ്റ് തുറക്കുമ്പോൾ ചത്ത നായയുമായി യുവതി പുറത്തിറങ്ങുന്നതും വീഡിയോയിൽ ഉണ്ട്. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് യുവതിക്കെതിരെ ബാഗലുരു പൊലീസ് കേസെടുത്തത്.
ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 325 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒന്നര വർഷം മുൻപാണ് പുഷ്പലത റാഷി പൂജാരിയുടെ വീട്ടിൽ ജോലിക്കെത്തിയത്. സംഭവത്തെ തുടർന്ന് പുഷ്പലത ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
Content Highlights: Complaint filed against domestic helper for throwing pet dog to death in Bengaluru