'നിനക്ക് വേണ്ടി ഞാൻ ഭാര്യയെ കൊന്നു'; ബെംഗളൂരുവിൽ ദന്തഡോക്ടറെ കൊലപ്പെടുത്തിയ യുവാവ് പെൺസുഹൃത്തിന് അയച്ച സന്ദേശം

മഹേന്ദ്ര റെഡ്ഢിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെയാണ് സന്ദേശം ലഭിച്ചത്

'നിനക്ക് വേണ്ടി ഞാൻ ഭാര്യയെ കൊന്നു'; ബെംഗളൂരുവിൽ ദന്തഡോക്ടറെ കൊലപ്പെടുത്തിയ യുവാവ് പെൺസുഹൃത്തിന് അയച്ച സന്ദേശം
dot image

ബെംഗളൂരു: ദന്തഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പെണ്‍സുഹൃത്തിന് അയച്ച സന്ദേശം പൊലീസിന്. കൊലപാതകത്തിന് തൊട്ടുപിന്നാലെ ഡോ. മഹേന്ദ്ര റെഡ്ഢി അയച്ച സന്ദേശമാണ് പൊലീസിന് ലഭിച്ചത്. 'നിനക്ക് വേണ്ടി ഞാന്‍ ഭാര്യയെ കൊന്നു' എന്ന സന്ദേശമാണ് ഭര്‍ത്താവ് ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പ് വഴി പെണ്‍സുഹൃത്തിന് അയച്ചത്. മഹേന്ദ്ര റെഡ്ഢിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെയാണ് സന്ദേശം ലഭിച്ചത്.

ഇയാള്‍ സന്ദേശമയച്ച പെണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു. പെണ്‍സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഏപ്രില്‍ 21നാണ് കൃതിക റെഡ്ഢി കൊല്ലപ്പെട്ടത്. ആറ് മാസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 15ന് പൊലീസ് മഹേന്ദ്രയെ അറസ്റ്റ് ചെയതു. കൃതികയ്ക്ക് അളവില്‍ കൂടുതല്‍ മരുന്ന് നല്‍കി കൊലപ്പെടുത്തുകയാണെന്ന് മനസിലായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കൃതികയ്ക്ക് പെട്ടെന്ന് തന്നെ സുഖമില്ലാതാകുകയും പിന്നാലെ മഹേന്ദ്ര ആശുപത്രിയിലേക്ക് ഇവരെ കൊണ്ടുപോകുകയുമായിരുന്നു. ആശുപത്രിയില്‍ വെച്ച് ഇവര്‍ മരിച്ചെന്ന് സ്ഥിരീകരിച്ചു.

തുടര്‍ന്നുള്ള പരിശോധനയില്‍ കൃതികയുടെ ശരീരത്തില്‍ അനസ്തറ്റിക് മരുന്നായ പ്രൊപോഫോള്‍ കണ്ടെത്തിയിരുന്നു. സംശയതെത്തുടർന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ കാനുല സെറ്റ് അടക്കമുള്ള തെളിവുകള്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മഹേന്ദ്ര തന്റെ മകളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കൃതികയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതുവരെ ശേഖരിച്ച തെളിവുകള്‍ ഭര്‍ത്താവിന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്നതാണെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങും പ്രതികരിച്ചു. ഭാര്യയ്ക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും അവര്‍ ചികിത്സയിലായിരുന്നുവെന്നുമാണ് ഇയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ യുവതിക്ക് ചില മയക്കുമരുന്നുകള്‍ കുത്തിവെച്ചതായി തങ്ങള്‍ കണ്ടെത്തിയെന്ന് സീമന്ത് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മെയ് 26നാണ് ഇരുവരുടെയും വിവാഹം നടന്നത്. ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്.

Content Highlights: Bengaluru Doctor murder case husban's Message to lover found

dot image
To advertise here,contact us
dot image