

വിമാനത്താവളങ്ങള്‍ എപ്പോഴും വലിയ തിരക്കുകള്‍ അനുഭവപ്പെടുന്ന ഇടമാണ്. ഓരോ എയര്‍പോര്‍ട്ടിന് പ്രധാനമായും രണ്ട് ഭാഗങ്ങളാകും ഉണ്ടാവുക. റണ്‍വേയും ടെര്‍മിനലും. റണ്‍വേയിലാണ് വിമാനങ്ങള്‍ ടേക്ക്ഓഫ് ചെയ്യുന്നതും ലാന്‍ഡ് ചെയ്യുന്നതും. ടെര്‍മിനലില്‍ യാത്രക്കാരുടെ ചെക്ക് ഇന്‍, സെക്യൂരിറ്റി പരിശോധനകള്‍ എന്നിവ ഉള്‍പ്പെടെ നടക്കുകയും ചെയ്യും. എയര്‍പോര്‍ട്ടിന്റെ വലിപ്പമാണ് അവിടെ എത്ര ടെര്‍മിനലുകള്‍ ഉണ്ടെന്ന് നിശ്ചയിക്കുന്നത്. യാത്രക്കാര്‍ നിരവധി മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ ചിലവഴിക്കുന്നതിനാല്‍ എപ്പോഴും മികച്ച അന്തരീക്ഷം നിലനിര്‍ത്താന്‍ സഹായിക്കുന്ന രൂപകല്പനയായിരിക്കും ഇവയ്ക്കുള്ളത്.
വിമാനത്താവളങ്ങളുടെ ഡിസൈന്‍, ലേഔട്ട്, മറ്റ് സൗകര്യങ്ങള്‍ എന്നിവ യാത്ര കൂടുതല്‍ മികച്ചതാവാന്‍ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. ഇതിനായി സര്‍ക്കാരുകളും മികച്ച സേവനം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാറുണ്ട്. വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നത്, പ്ലോട്ടിന്റെ അവസ്ഥ, യാത്രക്കാരുടെ ലഭ്യത, ഫ്ളേറ്റ് ഓപ്പറേഷനുകളുടെ സുഗമമായ നടത്തിപ്പ് എന്നിവയെല്ലാം പരിഗണിച്ചാണ്. ഓരോ ലേഔട്ടിനും ഓരോ ഉദ്ദേശമുണ്ട്.
സാധാരണയായി കാണപ്പെടുന്ന എയര്‍പോര്‍ട്ട് ഡിസൈനുകളില്‍ ഒന്നാണ് ജർമനിയിലെ മ്യൂണിക്ക് എയര്‍പോര്‍ട്ട് നിര്‍മിച്ചിരിക്കുന്ന ലീനിയര്‍ ഡിസൈന്‍. ടെര്‍മിനല്‍ നീണ്ട നേരായ ലൈനായിട്ടാകും നിര്‍മിക്കുക. പ്ലെയിന്‍ ഗേറ്റുകള്‍ സജ്ജീകരിക്കുക ഒരു വശത്താകും. ഈ ഡിസൈന്‍ നിര്‍മിക്കാനും ഇവിടെ പ്രവര്‍ത്തനം നടത്താനും സുഗമമാണ്. ബില്‍ഡിങിന്റെ എന്ഡിലായാണ് ഫ്ളൈറ്റ് പാർക്ക് ചെയ്തതെങ്കില്‍ യാത്രക്കാര്‍ക്ക് ഗേറ്റുകളിലെത്താന് നീണ്ട ദൂരം നടക്കേണ്ടി വരും.
ലണ്ടനിലെ ഗാറ്റ്വിക്ക് എയര്‍പോര്‍ട്ടിന്റെ ഡിസൈന്‍ സാറ്റ്ലൈറ്റ് എന്നാണ് പറയുന്നത്. ഇതില്‍ പ്രധാന ടെര്‍മിനല്‍ ഒന്നോ അതില്‍ കൂടുതലോ ചെറിയ കെട്ടിടങ്ങളുമായി കോറിഡോറുകള്‍, ടണലുകള്‍ എന്നിവ വഴി ബന്ധിപ്പിച്ചിരിക്കും. ഇതിനെ സാറ്റ്ലൈറ്റ് ടെര്‍മിനല്‍ എന്നാണ് വിളിക്കുക. ഈ സജ്ജീകരണം വിമാനങ്ങളുടെ പാര്‍ക്കിങും യാത്രക്കാരുടെ ബോഡിങും എളുപ്പമാക്കും. എന്നാല്‍ മെയിന്‍ ടെര്‍മിനലില്‍ നിന്നും മാറിയാണ് പാര്‍ക്കിങ് എങ്കില്‍ യാത്രക്കാര്‍ക്ക് അവരുടെ ഗേറ്റുകളിലേക്ക് എത്താന്‍ കുറച്ചധികം നടക്കേണ്ടി വരും.
പിയര്‍ ഡിസൈന്‍ എയര്‍പോര്‍ട്ടാണ് ഇതില്‍പ്പെടുന്ന മറ്റൊന്ന്. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം ഇത്തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. നീണ്ട പിയര്‍ രൂപത്തിലുള്ള മെയിന്‍ ടെര്‍മിനലാണ് ഇതിനുള്ളത്. ഇതിനാല്‍ മികച്ച രീതിയില്‍ യാത്രക്കാര്‍ക്ക് വിമാനത്തിനടുത്തേക്ക് എത്തിപ്പെടാനുള്ള സൗകര്യം ഉറപ്പാക്കാന്‍ സാധിക്കും. പിയര്‍  ലേഔട്ടിന്റെ കുറച്ചുകൂടി വികസിപ്പിച്ച വേര്‍ഷനാണ് എക്സ് ഡിസൈന്‍ എയര്‍പോര്‍ട്ടുകള്‍. എക്സ് രൂപമായതിനാല്‍ ഗേറ്റുകളുടെ എണ്ണം കൂടുകയും ഇത് തിരക്ക് കുറയ്ക്കുകയും ചെയ്യും. ബീജിങ് ഡാക്സിങ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡിസൈന്‍ ഈ രീതിയിലാണ്. ഇതിന് അഞ്ച് എക്സ്റ്റന്ഷനുണ്ടെന്ന പ്രത്യേകതയുമുണ്ട്. ഇത്തരം എയര്‍പോര്‍ട്ടുകളില്‍ സെന്ററിലുള്ള സ്പേസ് കൂടുതലും ഷോപ്പുകള്‍ക്കും ലോഞ്ചുകള്‍ക്കും വേണ്ടിയാണ് സജ്ജീകരിക്കുക. മുംബൈ വിമാനത്താവളം ഈരീതിയിലാണ് നിര്‍മിക്കാന്‍ ആരംഭിച്ചതെങ്കിലും അപ്രതീക്ഷിതമായി മറ്റ് ചില നിര്‍മാണങ്ങള്‍ സമീപത്ത് വന്നതിനാല്‍ ഘടനയില്‍ ചെറിയ മാറ്റം വരുത്തേണ്ടി വന്നിട്ടുണ്ട്.
Content Highlights:  X designed airport in India, which had to be slightly changed