'ആര്‍എസ്എസിനോട് അനുഭാവം പുലര്‍ത്തുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ല': ബി കെ ഹരിപ്രസാദ്

കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആര്‍എസ്എസിന്റെ ചരിത്രം വായിക്കണമെന്നും കോണ്‍ഗ്രസിന്റെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ വ്യത്യസ്തമാണെന്നും ഹരിപ്രസാദ് പറഞ്ഞു

'ആര്‍എസ്എസിനോട് അനുഭാവം പുലര്‍ത്തുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ല': ബി കെ ഹരിപ്രസാദ്
dot image

ബെംഗളൂരു: ആര്‍എസ്എസിനോട് അനുഭാവം പുലര്‍ത്തുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ ബി കെ ഹരിപ്രസാദ്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആര്‍എസ്എസിന്റെ ചരിത്രം വായിക്കണമെന്നും കോണ്‍ഗ്രസിന്റെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ വ്യത്യസ്തമാണെന്നും ഹരിപ്രസാദ് പറഞ്ഞു. കോണ്‍ഗ്രസിനുളളിലെ ആര്‍എസ്എസ് സ്ലീപ്പര്‍ സെല്ലുകളെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ഹരിപ്രസാദിന്റെ പ്രതികരണം.

'ആര്‍എസ്എസിനോട് അനുകമ്പയും അനുഭാവവുമുളളവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളിലെ ആര്‍എസ്എസ് അനുഭാവികളെ പുറത്താക്കണം. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നിര്‍ബന്ധമായും ആര്‍എസ്എസിന്റെ ചരിത്രം വായിക്കണം. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രവും കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രവും രണ്ടും വ്യത്യസ്തമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തോട് ജാഗ്രത പുലര്‍ത്തുകയും അതില്‍നിന്ന് വിട്ടുനില്‍ക്കുകയും വേണം': ബി കെ ഹരിപ്രസാദ് പറഞ്ഞു.

രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ആവശ്യപ്പെട്ടിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ കോണ്‍ഗ്രസ് അവഗണിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിന് മറുപടി പറയവേയാണ് ഖര്‍ഗെ ആര്‍എസ്എസ് നിരോധനം ആവശ്യപ്പെട്ടത്.ആര്‍എസ്എസിനെ നിരോധിക്കണമെന്നും രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ആര്‍എസ്എസും ബിജെപിയുമാണെന്നും ഖര്‍ഗെ പറഞ്ഞു.

'കോണ്‍ഗ്രസ് രാജ്യത്തിനു വേണ്ടി പോരാടി. നിരവധി നേതാക്കള്‍ രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കി. ബിജെപി രാജ്യത്തിനുവേണ്ടി എന്താണ് ചെയ്തതെന്ന് പറയണം. പട്ടേല്‍ രാജ്യത്ത് ഐക്യമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ആ ഐക്യം നിലനിര്‍ത്താന്‍ ഇന്ദിരാ ഗാന്ധി ജീവന്‍ നല്‍കി. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ സര്‍ദാറിന്റെ ഓര്‍മ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. ആര്‍എസ്എസിനെ നിരോധിക്കാതെ മറ്റ് വഴിയില്ലെന്ന് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. ഗാന്ധി വധത്തിന് ഇടയാക്കിയത് ആര്‍എസ്എസ് സൃഷ്ടിച്ച അന്തരീക്ഷമാണ്. അദ്ദേഹത്തെ കോണ്‍ഗ്രസ് മറന്നുവെന്ന് പറയാന്‍ സംഘപരിവാറിന് അവകാശമില്ല'എന്നാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത്.

Content Highlights: Those who sympathize with RSS have no place in Congress: BK Hariprasad

dot image
To advertise here,contact us
dot image