ആശ്രിതരുടെ പട്ടികയിൽ പ്രായപൂർത്തിയായ, വിധവയായ സഹോദരിയെക്കൂടി ഉൾപ്പെടുത്തണം; സുപ്രീംകോടതി

നിലവിൽ പ്രായപൂർത്തിയാവാത്ത വിധവയായ സഹോദരിയാണ് പട്ടികയിലുള്ളത്

ആശ്രിതരുടെ പട്ടികയിൽ പ്രായപൂർത്തിയായ, വിധവയായ സഹോദരിയെക്കൂടി ഉൾപ്പെടുത്തണം; സുപ്രീംകോടതി
dot image

ന്യൂ‍ഡൽഹി: മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന പട്ടികയിൽ പ്രായപൂർത്തിയായ വിധവയായ സഹോദരിയെ കൂടി ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി. നിലവിൽ പ്രായപൂർത്തിയാവാത്ത വിധവയായ സഹോദരിയാണ് പട്ടികയിലുള്ളത്. എന്നാൽ ഇങ്ങനെയൊരു വിഭാ​​ഗത്തെ നിലവിലെ സാഹചര്യത്തിൽ കണ്ടെത്താൻ കഴിയില്ലെന്നും അതിനാൽ ആശ്രിതരുടെ പട്ടികയിൽ പ്രായപൂർത്തിയായ വിധവയായ സഹോദരിയെകൂടി ഉൾപ്പെടുത്തണമെന്ന് കോടതി പറഞ്ഞു.

മരിച്ച തൊഴിലാളിയുടെ, വിധവകളായ രണ്ട് സഹോദരിമാർക്ക് നഷ്ടപരിഹാരം അനുവദിച്ചത് ചോദ്യം ചെയ്ത് ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. തൊഴിലാളി മരിക്കുമ്പോൾ സഹോദരിമാർക്ക് പ്രായപൂർത്തിയായിരുന്നെന്നും അതിനാൽ അവരെ ആശ്രിതരായി കണക്കാക്കാനാവില്ലെന്നുമായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. എന്നാൽ, നഷ്ടപരിഹാരം നൽകണമെന്ന കർണാടക ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചു.

പ്രായപൂർത്തിയായ വിധവയായ സഹോദരിയെ ഉൾപ്പെടുത്തുന്നതിനായി 1923-ലെ തൊഴിലാളി നഷ്ടപരിഹാര നിയമത്തിൽ ഭേദഗതി ആവശ്യമാണെന്ന് ജസ്റ്റിസ് രാജേഷ് ബിന്ദൽ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യം പരിശോധിക്കുന്നതിനായി സർക്കാർ നിയമകമ്മിഷന് വിടണമെന്നും കോടതി പറഞ്ഞു.

Content Highlight : Adult widowed sister should be included in the list of dependents – Supreme Court

dot image
To advertise here,contact us
dot image