

ഹൈദരാബാദ്: കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീനെ തെലങ്കാന മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ട്. അസ്ഹറുദ്ദീനെ വ്യാഴാഴ്ച രേവന്ത് റെഡ്ഡി മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ തെലങ്കാനയിലെ കോൺഗ്രസ് നേതൃത്വമോ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഓഫീസോ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അസ്ഹറുദ്ദീനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിച്ചുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
നിയമസഭയിലും മന്ത്രിസഭയിലും മുസ്ലിം പ്രാധിനിത്യം ഇല്ലെന്ന ബിആർഎസ് പ്രചാരണത്തെ ചെറുക്കാനാണ് രേവന്ത് റെഡ്ഡിയുടെ നീക്കമെന്നാണ് റിപ്പോർട്ട്. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജൂബിലി ഹിൽസിലെ 1.3 ലക്ഷത്തോളം വരുന്ന മുസ്ളിം വോട്ടർമാരെ ഈ തീരുമാനം സ്വാധീനിക്കപ്പെടുമെന്നാണ് വിലയിരുത്തുന്നത്. രേവന്ത് റെഡ്ഡി മന്ത്രിസഭയുടെ റഫറണ്ടമായാണ് ജൂബിലി ഹിൽസിലെ ഉപതെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. മൂന്ന് തവണ എംഎൽഎയായിരുന്ന പരേതനായ മാഗന്തി ഗോപിനാഥിന്റെ വിധവയായ മാഗന്തി സുനിത ഗോപിനാഥാണ് ഇവിടെ ബിആർഎസിനായി മത്സരിക്കുന്നത്. സിറ്റിംഗ് എംഎൽഎ മാഗന്തി ഗോപിനാഥ് ജൂണിൽ മരിച്ചതോടെയാണ് ജൂബിലി ഹിൽസിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. നവംബർ 11നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്. വി നവീൻ യാദവാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. ലങ്കല ദീപക് റെഡ്ഡിയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ബിആർഎസിൻ്റെ ശക്തി കേന്ദ്രമാണ് ജൂബിലി ഹിൽസ്. 2023ൽ ജൂബിലി ഹിൽസിൽ മുഹമ്മദ് അസ്ഹറുദ്ദീൻ 16,000 ൽ അധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിഷ്ക്രിയനായ അസ്ഹറുദ്ദീനെ കോൺഗ്രസ് നിയമസഭാ കൗൺസിലേയ്ക്ക് നാമനിർദ്ദേശം ചെയ്യുകയായിരുന്നു. ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ അസ്ഹറുദ്ദീൻ ആഗ്രഹിച്ചിരുന്നെങ്കിലും തെലങ്കാന ജനസമിതി മേധാവി പ്രൊഫ. എം. കോദണ്ഡറാമിനൊപ്പം സംസ്ഥാന നിയമസഭ കൗൺസിലിലേയ്ക്ക് അസ്ഹറുദ്ദീനെ നാമനിർദ്ദേശം ചെയ്യുകയായിരുന്നു. നേരത്തെ കോദണ്ഡറാമിന്റെയും അമർ അലി ഖാന്റെയും മുൻ നാമനിർദ്ദേശങ്ങൾ ഈ വർഷം ഓഗസ്റ്റിൽ സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് ഗവർണറുടെ ക്വാട്ട പ്രകാരം അസ്ഹറുദ്ദീൻ നിയമസഭാ കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയാണ് കോദണ്ഡറാമിനെയും അസ്ഹറുദ്ദീനെയും നാമനിർദ്ദേശം ചെയ്തത്.
Content Highlights: Former cricketer Mohammed Azharuddin likely to be made Telangana Cabinet minister