

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മുടിക്കൊഴിച്ചില്‍. മാനസിക സമ്മര്‍ദവും ഹോര്‍മോണല്‍ പ്രശ്‌നങ്ങളും മുതല്‍ ഭക്ഷണക്രമം വരെ പലവിധ ഘടകങ്ങള്‍ മുടിക്കൊഴിച്ചിലിനെ ബാധിച്ചേക്കാം.
ഷാംപൂ മാറ്റിയതുകൊണ്ട് ഈ മുടിക്കൊഴിച്ചിലിനെ പരിഹരിക്കാനാകില്ലെന്ന് പറയുകയാണ് ക്ലിനിക്കല്‍ ന്യൂട്രിഷിനിസ്റ്റായ ഖുശി ചബ്‌റ. 'മുടിക്കൊഴിച്ചല്‍ ശരീരത്തിനുള്ളിലെ പ്രശ്‌നങ്ങളുടെ സൂചനയാണ്. മുടിയുടെ കട്ടി കുറയുന്നതും പൊട്ടിപ്പോകുന്നതും കൊഴിയുന്നതുമെല്ലാം എന്നെയൊന്ന് ശ്രദ്ധിക്കൂ എന്ന് ശരീരം പറയുന്നതാണ്,' ഖുശി ചബ്‌റ പറയുന്നു.
ആരോഗ്യപരിപാലനുമായി ബന്ധപ്പെട്ട വീഡിയോസ് പങ്കുവെക്കുന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ മുടിക്കൊഴിച്ചില്‍ കുറയ്ക്കാനായി കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് ഖുശി സംസാരിക്കാറുണ്ട്. ഇത്തവണ വളരെ എളുപ്പം തയ്യാറാക്കുന്ന ഒരു ഹെല്‍ത്തി സ്മൂത്തിയെ ആണ് ഖുശി പരിചയപ്പെടുത്തിയിരിക്കുന്നത്.

ആല്‍മണ്ട് ബട്ടര്‍, ആശാളി(garder cress seeds), പംകിന്‍ സീഡ്‌സ്, കറുത്ത എള്ള് എന്നിവ ചേര്‍ത്താണ് ഈ സ്മൂത്തി ഉണ്ടാക്കുന്നത്. ഈ പറഞ്ഞ വിത്തുകളെല്ലാം വെള്ളം ചേര്‍ത്ത് മിക്‌സിയിലിട്ട് അടിക്കുക. ഇവ നന്നായി അരഞ്ഞ് ചേര്‍ന്ന് സ്മൂത്തിയാകണം. ഇതിലേക്ക് പ്രോട്ടീന്‍ പൗഡറും ചേര്‍ക്കാവുന്നതാണ്.
ആല്‍മണ്ട് ബട്ടറിലെ വിറ്റാമിന്‍ ഇയും, കറുത്ത എള്ളിലെ കോപ്പറും ബി കോംപ്ലെക്‌സും, ആശാളിയിലെ അയേണും ഫോലേറ്റും, പംകിന്‍ സീഡ്‌സിലെ സിങ്കും മഗ്നീഷ്യവും പ്രോട്ടീന്‍ പൗഡറിലെ ആമിനോ ആസിഡുകളും മുടിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും പ്രദാനം ചെയ്യുന്നു. ഈ സ്മൂത്തി 15 ദിവസം കുടിച്ചാല്‍ മുടിയില്‍ വലിയ മാറ്റം കാണാനാകുമെന്ന് ഖുശി ചാബ്‌റ പറയുന്നു.
Content Highlights: A seed smoothie will help reduce hairfall