

റോക്കി, ക്യാപ്റ്റൻ മില്ലർ തുടങ്ങിയ സിനിമകളൊരുക്കിയ സംവിധായകനാണ് അരുൺ മാതേശ്വരൻ. മികച്ച പ്രതികരണം നേടിയ ഈ സിനിമകൾ വലിയ തോതിൽ ജനശ്രദ്ധയും ആകർഷിച്ചിരുന്നു. ധനുഷിനെ നായകനാക്കി ഇളയരാജയുടെ ബയോപിക് ആണ് അടുത്തതായി അരുൺ മാതേശ്വരൻ ഒരുക്കുന്നതെന്ന് നേരത്തെ അപ്ഡേറ്റ് വന്നെങ്കിലും ചിത്രം നീട്ടിവയ്ക്കുകയായിരുന്നു. പകരം സംവിധായകൻ ലോകേഷ് കനകരാജിനെ നായകനാക്കി ഒരു സിനിമ അരുൺ ചെയ്യുന്നെന്ന് അപ്ഡേറ്റ് വന്നിരുന്നു. ഈ സിനിമയെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഗോദ എന്ന സിനിമയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് വാമിക ഗബ്ബി. ഇപ്പോഴിതാ ഈ അരുൺ മാതേശ്വരൻ ചിത്രത്തിൽ ലോകേഷിന്റെ നായികയായി വാമിക എത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ജനുവരിയോടെ ചിത്രീകരണം മുഴുവനായി പൂർത്തിയാകും എന്നാണ് റിപ്പോർട്ട്. ഒരു ആക്ഷൻ ചിത്രമായി ആണ് സിനിമ ഒരുങ്ങുന്നതെന്ന് എന്നാണ് സൂചന. സിനിമയ്ക്കായി ലോകേഷ് കനകരാജ് മാര്‍ഷല്‍ ആർട്സ് പഠിക്കുന്നു എന്ന അപ്ഡേറ്റ് നേരത്തെ പുറത്തുവന്നിരുന്നു. അരുണിന്റെ മുൻ സിനിമകളെപ്പോലെ ആക്ഷനും വയലൻസിനും പ്രാധാന്യം കൊടുത്തായിരിക്കും ഈ സിനിമയും മുന്നോട്ട് പോകുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം, കാർത്തി ചിത്രമായ കൈതി 2 ആണ് ഇനി പുറത്തിറങ്ങാനുള്ള ലോകേഷ് ചിത്രം. അരുൺ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞാൽ ഉടൻ ലോകേഷ് ഈ സിനിമയിലേക്ക് കടക്കുമെന്നാണ് സൂചന. നേരത്തെ രജനി-കമൽ ചിത്രത്തിന്റെ തിരക്കുകൾ കാരണം കൈതി 2 നീട്ടിവെക്കും എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതോടെ ചിത്രത്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ നിരാശ പ്രകടിപ്പിച്ചിരുന്നു. ലോകേഷ് എത്രയും പെട്ടെന്ന് കൈതി യൂണിവേഴ്സിലേക്ക് തിരിച്ചെത്തണമെന്ന് പലരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ കാത്തിരിപ്പുകൾക്ക് അവസാനമാകുകയാണ്. ചിത്രം വലിയ ഓപ്പണിങ് തന്നെ നേടുമെന്നാണ് പ്രതീക്ഷ. നിലവിൽ തമിഴിൽ സിനിമയിലെ ഏറ്റവും ഹൈപ്പുള്ള സിനിമയാണ് കൈതി 2. നേരത്തെ ചിത്രം ഈ വർഷം ഷൂട്ട് തുടങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
#ArunMatheswaran confirms bollywood sensational #WamiqaGabbi will be playing the female lead in #LokeshKanagaraj's Debut film as Hero ♥️✨
— AmuthaBharathi (@CinemaWithAB) October 29, 2025
Shooting currently in progress for the film. By January entire film will be wrapped🤝. A Gangster Action film🔪🩸 pic.twitter.com/XQfVNiuHuh
എൽസിയു എന്ന ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു കെെതി. 'കൈതി', 'വിക്രം', 'ലിയോ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുങ്ങുന്ന കൈതി 2 വിൽ നായകനായ കാർത്തിക്ക് ഒപ്പം എൽസിയുവിലെ മറ്റുതാരങ്ങളും എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Content Highlights: Wamiqa Gabbi to star opposite lokesh kanakaraj as heroine