

ദിസ്പൂര്‍: അസമില്‍ നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ ബംഗ്ലാദേശിന്റെ ദേശീയ ഗാനം ആലപിച്ച സംഭവത്തില്‍ കേസെടുക്കാൻ നിർദേശിച്ച് സർക്കാർ. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമ്മ പറഞ്ഞു.
അസമിലെ കരിംഗഞ്ച് ജില്ലയില്‍ നടന്ന കോണ്‍ഗ്രസ് യോഗത്തിലാണ് പ്രവര്‍ത്തകർ 'അമര്‍ സോണാര്‍ ബംഗ്ല' എന്ന ബംഗ്ലാദേശിന്റെ ദേശീയ ഗാനം ആലപിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. അസമിലെ കോണ്‍ഗ്രസ് നേതാവായ ബിദുഭൂഷന്‍ ദാസാണ് ബംഗ്ലാദേശിന്റെ ദേശീയ ഗാനം ആലപിച്ചത്.
സംഭവത്തിൻ്റെ വീഡിയോ അടക്കം പുറത്തുവന്നതോടെ വിമർശനവുമായി അസം മന്ത്രി അശോക് സിംഗ് രംഗത്തെത്തി. ദേശീയതയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് ഇതെന്നായിരുന്നു അശോക് സിംഗാൾ പറഞ്ഞത്. രാജ്യത്തിന്റെ ഒരു ഭാഗത്തെ അടർത്തിമാറ്റാൻ ശ്രമിക്കുന്ന ഒരു രാജ്യത്തിന്റെ ദേശീയ ഗാനമാണ് കോണ്‍ഗ്രസ് ആലപിച്ചതെന്നും അശോക് സിംഗാൾ കുറ്റപ്പെടുത്തി.
സംഭവം വിവാദമായതോടെ ബംഗാളി സംസ്‌കാരത്തെ ആഘോഷിക്കാനാണ് തങ്ങള്‍ ഗാനം ആലപിച്ചതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. ബംഗാളിൻ്റെ ദേശീയ ഗാനവും രബീന്ദ്ര നാഥ ടാഗോര്‍ തന്നെ രചിച്ചതാണെന്നും അത് ആലപിക്കുന്നതില്‍ തെറ്റില്ലെന്നും കോണ്‍ഗ്രസ് വാദിച്ചു. ബിജെപി ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്നും അസം കോണ്‍ഗ്രസ് പറഞ്ഞു. സംഭവം വിവാദമായതോടെയാണ് കേസെടുക്കാൻ ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി രംഗത്തെത്തിയത്.
Content Highlight; Assam Congress faces controversy over Bangladesh national anthem incident