

പ്രശസ്ത നടൻ സതീഷ് ഷായുടെ മരണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. നാൽപ്പത് വർഷത്തിലേറെ നീണ്ട തൻ്റെ അഭിനയ ജീവിതത്തിൽ, അവിസ്മരണീയമായ വേഷങ്ങളിലൂടെ സതീഷ് ഷാ ഇന്ത്യൻ സിനിമയിലും ടെലിവിഷനിലും ശ്രദ്ധേയനായിരുന്നു. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന നടൻ ഇന്നലെയാണ് വിട പറഞ്ഞത്. അടുത്തിടെ അദ്ദേഹത്തിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു.
അള്‍ഷിമേഴ്‌സ് രോഗ ബാധ്യതയായി ചികിത്സയിൽ കഴിയുന്ന ഭാര്യ മധുവിന് കുറേനാൾ കൂടി കൂട്ടിരിക്കാൻ വേണ്ടിയാണ് നടൻ വൃക്കകൾ മാറ്റി വെച്ചിരുന്നതെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ. ഓര്‍മകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന മധുവിനെ ശുശ്രുഷിച്ചിരുന്നത് നടൻ ആയിരുന്നു. തന്റെ ഭാര്യയ്‌ക്കൊപ്പം ജീവിക്കാനും, അവള്‍ക്ക് താങ്ങാകാനും വേണ്ടി മാത്രമാണ് സതീഷ് ഷാ കഡ്‌നി മാറ്റിവച്ചതെന്നാണ് സുഹൃത്തും നടനുമായ സച്ചിന്‍ പില്‍ഗോങ്കര്‍ പറയുന്നത്. മരിക്കുന്നതിന്മണിക്കൂറുകള്‍ മുമ്പ് സതീഷ് തനിക്ക് അയച്ച മെസ്സേജിനെക്കുറിച്ചും സച്ചിൻ പറഞ്ഞു.
'ഞാനും സതീഷും എപ്പോഴും മെസേജുകള്‍ അയക്കുമായിരുന്നു. സത്യത്തില്‍ മരിക്കുന്ന അന്ന് ഉച്ചയ്ക്ക് 12.56 നും അവന്‍ എനിക്ക് മെസേജ് അയച്ചിരുന്നു. അതിനര്‍ത്ഥം അപ്പോള്‍ അവന് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ്. അതിനാലാണ് അവന്റെ വിയോഗം എനിക്ക് കടുത്ത ഞെട്ടലും വേദനയുമാകുന്നത്' എന്ന് സച്ചിന്‍ പില്‍ഗോങ്കര്‍ പറഞ്ഞു.
ഹം സാത്ത്-സാത്ത് ഹേ, മേം ഹൂ നാ, കൽ ഹോ ന ഹോ, കഭി ഹം കഭി നാ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ, ഓം ശാന്തി ഓം തുടങ്ങിയ ഹിറ്റ് സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 1983-ൽ പുറത്തിറങ്ങിയ 'ജാനേ ഭി ദോ യാരോ' എന്ന ചിത്രത്തിലെ പ്രകടനം അദ്ദേഹത്തെ ജനപ്രിയ താരപദവിയിലേക്കെത്തിച്ചു. കുന്ദൻ ഷാ സംവിധാനം ചെയ്ത ചിത്രത്തിൽ മുൻസിപ്പൽ കമ്മീഷണർ ഡി'മെല്ലോയുടെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. 'സാരാഭായ് vs സാരാഭായ്' എന്ന പരമ്പരയിലെ ഇന്ദ്രവദൻ സാരാഭായ് എന്ന അദ്ദേഹത്തിൻ്റെ കഥാപാത്രം ഇന്ത്യൻ ടിവിയിലെ എക്കാലത്തെയും മികച്ച ഹാസ്യ പ്രകടനങ്ങളിൽ ഒന്നായി ഓർമ്മിക്കപ്പെടുന്നു.
Content Highlights: Friend mourns the passing of Satish Shah