
അലഹാബാദ്: മിശ്രവിവാഹിതരായ ദമ്പതികളെ കസ്റ്റഡിയിലെടുത്ത യുപി പൊലീസിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി. ദമ്പതികളെ സുരക്ഷിതമായി അവർക്ക് ഇഷ്ടമുള്ളിടത്ത് എത്തിക്കാൻ പൊലീസിനോട് കോടതി നിർദേശിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ലംഘിച്ചതിനൊപ്പം നിയമവിരുദ്ധമായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.
മുസ്ലീമായ പുരുഷനെയും ഹിന്ദുവായ സ്ത്രീയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുരുഷന്റെ സഹോദരന് ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ചിരുന്നതിനെ തുടർന്നാണ് കോടതി വാദം കേട്ടത്. ജസ്റ്റിസുമാരായ സലിൽ കുമാർ റായ്, ദിവേഷ് ചന്ദ്ര സാമന്ത് എന്നിവർ അടങ്ങുന്ന ബെഞ്ച് അവധി ദിനമായിട്ടും കേസ് പരിഗണിക്കുകയായിരുന്നു.
സെപ്തംബർ 27ന് അലിഗഡ് പൊലീസ് സ്റ്റേഷനിൽ യുവതിയുടെ പിതാവാണ് ആദ്യം കേസ് ഫയൽ ചെയ്യുന്നത്. ഒക്ടോബർ 17ന് ഹേബിയസ് കോർപസ് പരിഗണിക്കുമ്പോൾ ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല തങ്ങൾ വിവാഹിതരായതെന്ന് ദമ്പതികൾ കോടതിയെ അറിയിച്ചു.
സാമൂഹിക സംഘർഷം ഭയന്ന് ദമ്പതികളുടെ സ്വാതന്ത്ര്യം ലംഘിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരുടെയും സുരക്ഷ ഉറപ്പാക്കാനും പുറത്തുനിന്നുള്ള ഇടപെടലുകൾ തടയാനും പ്രയാഗ് രാജ് പൊലീസ് കമ്മീഷണർ, അലിഗഡ്, ബറേലി എസ്പിമാർ എന്നിവരോട് കോടതി നിർദേശിച്ചിട്ടുണ്ട്. പ്രായപൂർത്തിയായ പെൺകുട്ടിക്ക് അവൾക്ക് ഇഷ്ടമായ ആരോടൊപ്പവും ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസ് നവംബർ 28ന് വീണ്ടും പരിഗണിക്കും.
Content Highlights: Allahabad court slams UP police for illegal detention of interfaith couple