ലോറി ഡ്രൈവർമാർക്ക് എംവിഡി ലൈൻ ട്രാഫിക്ക് പരിശീലനം നല്‍കും; മുൻഗണന ഇവർക്ക്

എംവിഡിയുടെ ഡ്രൈവർ പരിശീലന കേന്ദ്രങ്ങളിലാണ് ക്ലാസുകൾ നടക്കുക

ലോറി ഡ്രൈവർമാർക്ക് എംവിഡി ലൈൻ ട്രാഫിക്ക് പരിശീലനം നല്‍കും; മുൻഗണന ഇവർക്ക്
dot image

തിരുവനന്തപുരം: ലോറി ഡ്രൈവർമാർക്ക് ലൈൻ ട്രാഫിക്കിൽ പരിശീലനം നൽകാൻ മോട്ടോർ വാഹന വകുപ്പ്. ദേശീയപാത നിർമാണം അവസാനഘട്ടത്തോട് അടുക്കുന്നതിനിടെയാണ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിക്കാൻ തീരുമാനമായത്. പരിശീലനത്തിൽ കണ്ടെയ്‌നർ ഡ്രൈവർമാർക്കാണ് മുൻഗണന നൽകുക. എംവിഡിയുടെ ഡ്രൈവർ പരിശീലന കേന്ദ്രങ്ങളിലാണ് ക്ലാസുകൾ നടക്കുക.

വിഴിഞ്ഞം തുറമുഖം സജീവമായതിന് പിന്നാലെ ദേശീയ പാതനിർമാണവും പൂർത്തിയാവുന്നതോടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലേക്കുള്ള കണ്ടെയ്‌നർ ഗതാഗതം കൂടും. ആറുവരി ദേശീയ പാതകളിൽ ലൈൻ ട്രാഫിക്കിലെ പിഴവുകൾ അപകട നിരക്ക് വർധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് എംവിഡിയുടെ തീരുമാനം.

വലിയ വാഹനങ്ങൾ കുറഞ്ഞ വേഗത്തിൽ സ്പീഡ് ട്രാക്കിലൂടെ സഞ്ചരിക്കുന്നത്, സിഗ്നൽ നൽകാതെ ലൈൻ മാറ്റുന്നത് എന്നിവ അപകടങ്ങളുണ്ടാക്കും. പാർക്കിങിൽ പോലും സുരക്ഷാ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഡ്രൈവർമാരിൽ ഒരു വിഭാഗത്തിന് ഇത്തരം കാര്യങ്ങളിൽ പരിചയകുറവുണ്ടെന്നാണ് നിഗമനം.

ഇന്ധനങ്ങൾ, രാസമിശ്രിതങ്ങൾ എന്നിവ കൊണ്ടുപോകുന്ന ഡ്രൈവർമാർക്ക് സാധാരണ സുരക്ഷാ കോഴസുകൾ നൽകാറുണ്ട്. എന്നാൽ ഇത്തരം പരിശീലനങ്ങളോ ക്ലാസുകളോ കണ്ടെയ്‌നർ ഡ്രൈവർമാർക്ക് ലഭിക്കാറില്ലെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം സംസ്ഥാനത്ത് ആംബുലൻസ് അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഡ്രൈവർമാർക്ക് പ്രഥമശുശ്രൂഷയിലും സുരക്ഷിത ഡ്രൈവിങിലും പരിശീലനം നൽകാനും പദ്ധതിയുണ്ട്. ആറായിരത്തോളം ആംബുലൻസുള്ള സംസ്ഥാനത്ത്, ഭൂരിഭാഗം സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർക്കും മതിയായ പരിശീലനം ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. അപകടത്തിൽപ്പെടുന്നവരെ ആംബുലൻസിൽ കയറ്റുന്നതിലടക്കം പരിശീലനം ഇവർക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. എടപ്പാൾ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പതിനാല് ജില്ലാ ഉപകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പരിശീലനം നൽകുക ഇവിടെയായിരിക്കും.
Content Highlights: MVD to train lorry drivers line traffic

dot image
To advertise here,contact us
dot image