
ദുബായിലെ പ്രധാന റോഡുകളിലെ അതിവേഗ പാതകളിൽ ഡെലിവറി ബൈക്കുകൾ ഉപയോഗിക്കുന്നതിൽ പുതിയ നിയമങ്ങളുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പോലീസും രംഗത്ത്. 2025 നവംബർ ഒന്ന് മുതലാണ് നിയമങ്ങൾ പ്രാബല്യത്തിൽ വരിക. അപകടങ്ങൾ കുറയ്ക്കുക, ഗതാഗത സംവിധാനം ചിട്ടപ്പെടുത്തുക, മറ്റ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് പുതിയ നിയമങ്ങൾക്ക് പിന്നിലെ ലക്ഷ്യം.
പുതിയ നിയമപ്രകാരം, അഞ്ചോ അതിലധികമോ പാതകളുള്ള റോഡുകളിൽ ഏറ്റവും ഇടതുവശത്തെ രണ്ട് പാതകളിൽ ഡെലിവറി ബൈക്കുകൾക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. സമാനമായി മൂന്നോ നാലോ പാതകളുള്ള റോഡുകളിൽ ഏറ്റവും ഇടതുവശത്തെ പാതയിലും ഡെലിവറി യാത്രികർക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. എന്നാൽ രണ്ടോ അതിൽ കുറവോ പാതകളുള്ള റോഡുകളിൽ ഡെലിവറി ബൈക്കുകൾക്ക് പാത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതല്ല.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതു-സ്വകാര്യ മേഖലയിലെ പങ്കാളികളുമായി വിപുലമായ ഏകോപനത്തിന് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ആർടിഎയിലെ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. ഡെലിവറി ബോയ്സിന്റെ സുരക്ഷ ദുബായ് ആർടിഎയുടെ പ്രധാന മുൻഗണനകളിലൊന്നാണ്. യാത്രക്കാരുടെയും ഡെലിവറി ബോയ്സിന്റെയും സുരക്ഷ ഉറപ്പാക്കാൻ റോഡ് നിയമങ്ങൾ നിരന്തരം പരിഷ്കരിക്കും. അൽ ബന്ന കൂട്ടിച്ചേർത്തു.
'ദുബായിലെ റോഡുകളിൽ ഡെലിവറി ബൈക്കുകളുടെ എണ്ണത്തിൽ സമീപ വർഷങ്ങളിൽ വലിയ വർദ്ധനവാണുണ്ടായത്. ഇതിനെ തുടർന്നാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്. നിയമങ്ങൾ യാത്രക്കാരുടെയും ഡെലിവറി ബോയ്സിന്റെയും സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും.' അൽ ബന്ന വ്യക്തമാക്കി.
Content Highlights: Dubai bans delivery bikes from left lanes