
ഭോപ്പാല്‍: ബിജെപി മുന്‍ എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍ വിവാദ പരാമര്‍ശവുമായി രംഗത്ത്. അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നതില്‍ നിന്ന് പെണ്‍മക്കളെ മാതാപിതാക്കള്‍ വിലക്കണമെന്നും മാതാപിതാക്കളുടെ നിര്‍ദേശം അനുസരിക്കാത്ത മക്കളുടെ കാല് തല്ലിയൊടിക്കണമെന്നും പ്രജ്ഞാ സിങ് പറഞ്ഞു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഭോപ്പാലില്‍ നടന്ന ചടങ്ങിലായിരുന്നു പ്രജ്ഞയുടെ വിവാദ പരാമര്‍ശം.
'നിങ്ങളോരോരുത്തരും മനക്കരുത്തുള്ളവരായിരിക്കണം. നമ്മുടെ പെണ്‍മക്കള്‍ നമ്മളെ അനുസരിക്കാതെ അഹിന്ദുക്കളുടെ വീട്ടിലേക്ക് പോയാല്‍ അവളടെ കാല് തല്ലിയൊടിക്കാന്‍ മടി കാണിക്കരുത്. മക്കളെ അവരുടെ നന്മ മുന്നില്‍ കണ്ട് തല്ലുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. നമ്മുടെ മൂല്യത്തെ വിലമതിക്കാതിക്കാത്ത മക്കളെ ശിക്ഷിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്ന പെണ്‍മക്കളെ തല്ലുന്നത് അവരുടെ നല്ല ഭാവിക്ക് വേണ്ടിയാണ്. കഷണങ്ങളായി മുറിക്കപ്പെട്ട് മരിക്കാന്‍ അവരെ വിട്ടുകൊടുക്കില്ല.' പ്രജ്ഞാ പറഞ്ഞു.
'നമ്മുടെ മൂല്യത്തെ പിന്തുടരാത്ത, മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കാത്ത, മുതിര്‍ന്നവരെ ബഹുമാനിക്കാത്ത, വീട്ടില്‍ നിന്ന് ഒളിച്ചോടാന്‍ തയ്യാറായി നില്‍ക്കുന്ന പെണ്‍കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ജാഗരൂകരായിരിക്കണം. അടിച്ചോ, ചീത്ത പറഞ്ഞോ, സ്‌നേഹിച്ചോ എങ്ങനെയെങ്കിലും അവരെ വീട് വിട്ട് പോകുന്നതില്‍ നിന്ന് തടയണം.' പ്രജ്ഞ കൂട്ടിച്ചേര്‍ത്തു.
പ്രജ്ഞയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
Content Highlight; “Don’t Let Daughters Visit Non-Hindu Homes,” Says Pragya Singh Thakur